മുണ്ടംവേലി ബേക്കറി ജംഗ്ഷനു സമീപത്തെ വെള്ളക്കെട്ട്.
ഫോർട്ടുകൊച്ചി: നഗരസഭാ ഡിവിഷനുകളിലെ മഴക്കാലപൂർവ ശുചീകരണം പാളിയതോടെ പശ്ചിമകൊച്ചി വെള്ളക്കെട്ടിൽ. പനയപ്പിള്ളി കോലോത്തും പറമ്പ് മേഖലയില്‍ ഒറ്റ മഴ പെയ്തതോടെ കനത്ത വെള്ളക്കെട്ടാണ് ഉണ്ടായത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ മേഖലയില്‍ ഇത്തരം ഒരു വെള്ളക്കെട്ട് അനുഭവപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മഴക്കാല പൂര്‍വ ശുചീകരണത്തിനായി ഒരു ഡിവിഷന് 13 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്. എന്നാല്‍ കരാറുകാര്‍ ചെളി കോരല്‍ കാര്യക്ഷമമായി നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ചില ഡിവിഷനുകളില്‍ ശുചീകരണം നല്ല രീതിയില്‍ നടന്നെങ്കിലും ഭൂരിഭാഗം ഡിവിഷനുകളിലും വെറും പ്രഹസനമായെന്നും പറയുന്നു.
പശ്ചിമകൊച്ചി മേഖലയിൽ കഴിഞ്ഞ നാലു ദിവസത്തിലെറെയായി താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ദുരിതത്തിലാണ്. കാനകളിലെയും തോടുകളിലെയും മലിനജലം നടവഴികളിലും റോഡുകളിലുമെത്തുന്നതോടെ കാൽനടയാത്രക്കാരും പ്രയാസപ്പെടുകയാണ്.
തോടുകൾ ശുചീകരണത്തിനായി കോടികൾ ചെലവഴിച്ചുള്ള പദ്ധതികളും നടന്നു വരുകയാണ്. ഇതും വഴിപാട് മാത്രമായി മാറുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. തീരദേശ കൊച്ചിയിലെ കാനകളിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഒഴുകിയെത്തി നീരൊഴുക്കു തടസപ്പെടുന്നതും വെള്ളക്കെട്ടിനിടയാക്കുന്നതായി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും പറയുന്നു.
Tags : Local News Nattuvishesham Ernakulam