കൊച്ചി: ജില്ലയിലെ ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി അപകടഭീഷണി ഒഴിവാക്കുന്നതിന് സംരക്ഷണ വേലി, ഗേറ്റ്, മുന്നറിയിപ്പ് ബോര്‍ഡ് എന്നിവ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
നഗരത്തിന് സമീപത്ത് ഉൾപ്പെടെ ജില്ലയില്‍ അപകടഭീഷണി ഉയര്‍ത്തുന്ന 70 ക്വാറികളുണ്ടെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ഉപേക്ഷിക്കപ്പെട്ട ക്വാറികളുടെ ഉടമകളെ കണ്ടെത്തി സംരക്ഷണ വേലി നിര്‍മിക്കാന്‍ നിയമാനുസരണം നിര്‍ദേശം നല്‍കണമെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. അനുസരിച്ചില്ലെങ്കില്‍ ജില്ലാ മിനറല്‍ ഫൗണ്ടേഷന് ഫണ്ട് മാനേജിംഗ് ട്രസ്റ്റി എന്ന നിലയില്‍ ജില്ലാ കളക്ടര്‍ തന്നെ സംരക്ഷണവേലി നിര്‍മിക്കണമെന്നുമാണ് ഉത്തരവ്.
ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍, തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി, മുടക്കുഴ, തിരുവാണിയൂര്‍, മുക്കന്നൂര്‍, മലയാറ്റൂർ നീലേശ്വരം, പാറക്കടവ്, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരുടെ സഹകരണത്തോടെ സ്ഥലപരിശോധന നടത്തണം.
തൃപ്പൂണിത്തുറ നഗരസഭ രണ്ട്, തിരുവാണിയൂര്‍ 10, മൂക്കന്നൂര്‍ 12, വാരപ്പെട്ടി 10, പാറക്കടവ് ഒന്‍പത്, മലയാറ്റൂര്‍ നീലേശ്വരം ആറ് എന്നിവിടങ്ങളിലെ ക്വാറികള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുടക്കുഴ പെട്ടമല ക്വാറിയിലുണ്ടായ അപകടമരണത്തെ തുടര്‍ന്ന് കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ക്ക് സംരക്ഷണ വേലി നിര്‍മിച്ച് ഗേറ്റിട്ട് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുന്നതിന് ക്വാറി സുരക്ഷാ ഫണ്ട് ഉപയോഗിക്കാമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
അപകടാവസ്ഥയിലുള്ള ക്വാറികളുടെ കണക്കെടുക്കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ ജിയോളജിസ്റ്റിന് നിർദേശം നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴ ആര്‍ഡിഒ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ദുരന്തനിവാരണ ഫണ്ടും പഞ്ചായത്ത് ഫണ്ടും ക്വാറികള്‍ക്ക് സംരക്ഷണ വേലി നിര്‍മിക്കാന്‍ ഉപയോഗിക്കാമെന്ന് അറിയിച്ചു. ജില്ലാ മിനറല്‍ ഫൗണ്ടേഷന് ഫണ്ട് ഉപയോഗിച്ച് ക്വാറികൾക്ക് സംരക്ഷണ വേലി നിര്‍മിക്കുന്നതില്‍ നിയമതടസമില്ലെന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടറും കമ്മീഷനെ അറിയിച്ചു.
ക്വാറിയുടമ വ്യവസ്ഥ അംഗീകരിക്കാതിരുന്നാല്‍ സംരക്ഷണവേലി, ഗേറ്റ്, മുന്നറിയിപ്പ് ബോര്‍ഡ് എന്നിവ ജില്ലാ മിനറല്‍ ഫൗണ്ടേഷന് ട്രസ്റ്റ് സ്ഥാപിച്ച് അതിന്റെ ചെലവ് ഉടമയില്‍ നിന്നു റവന്യു റിക്കവറി നിയമ പ്രകാരം ഈടാക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവരും.
കമ്മീഷന് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടര്‍, ജില്ലാ ജിയോളജിസ്റ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ തൃപ്പൂണിത്തുറ നഗരസഭ, മുടക്കുഴ, തിരുവാണിയൂര്‍, മുക്കന്നര്, മലയാറ്റൂര്‍ നീലേശ്വരം പാറക്കടവ്, വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിമാരും ആറാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലകാണ്ടര് തോമസ് ഉത്തരവില്‍ പറഞ്ഞു.
എറണാകുളം ആര്‍ഡിഒ, അസിസ്റ്റന്റ് ജിയോളജിസ്റ്റ്, പഞ്ചായത്ത് സെക്രട്ടറിമാര്‍, തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി എന്നിവര്‍ നവംബര്‍ 12ന് രാവിലെ 10ന് പത്തടിപ്പാലം റസ്റ്റ് ഹൗസില്‍ നടക്കുന്ന കമ്മീഷന് സിറ്റിംഗ് നേരിട്ട് ഹാജരാകണമെന്നും ഉത്തരവിലുണ്ട്.
Tags : Nattuvishesham Districtnews