സത്യഗ്രഹസമര വേദിയിൽ സി.കെ. ജാനു പ്രസംഗിക്കുന്നു.
എണ്ണപ്പാറ: മലയാറ്റുകര കരിങ്കൽ ക്വാറിക്കെതിരെ ജനങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട് നടപടിയെടുക്കാൻ കോടോം-ബേളൂർ പഞ്ചായത്ത് തയാാറാകണമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു പറഞ്ഞു. ക്വാറിക്കെതിരായി നാട്ടുകാർ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹസമരത്തിന്റെ 112-ാം ദിവസം സമരപ്പന്തലിലെത്തി പ്രസംഗിക്കുകയായിരുന്നു അവർ.
ജനങ്ങളുടെ ജീവനും ജീവിതവും നിലനിർത്താനായി ഒരു നാടുതന്നെ സമരം നടത്തുമ്പോൾ പ്രാദേശിക ഭരണസംവിധാനം മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്തി ഒഴിഞ്ഞുമാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് അവർ പറഞ്ഞു. പരിസ്ഥിതി മന്ത്രാലയവും മലിനീകരണ നിയന്ത്രണ ബോർഡും ജിയോളജി വകുപ്പും സാമ്പത്തിക-രാഷ്ട്രീയ സമ്മർദങ്ങൾക്കു വഴങ്ങി ജനവാസ മേഖലയിൽ വൻകിട ക്വാറികൾക്ക് അനുമതി നൽകിയാലും ആ പ്രദേശവുമായി ഏറ്റവും അടുപ്പമുള്ള പഞ്ചായത്ത് ഭരണസമിതി ക്വാറിക്ക് പ്രവർത്തനാനുമതി നിഷേധിക്കാനുള്ള ജനാധിപത്യ മര്യാദ കാട്ടണം. അല്ലാതെ നിയമവിരുദ്ധമായും പബ്ലിക് ഹിയറിംഗ് പോലും നടത്താതെയും മുകളിൽ നിന്നു കിട്ടിയ അനുമതിയുടെ പേരിൽ ക്വാറി മാഫിയയ്ക്കൊപ്പം നിൽക്കുകയല്ല ചെയ്യേണ്ടതെന്ന് സി.കെ. ജാനു പറഞ്ഞു.
സമരസമിതി വൈസ് ചെയർമാൻ കെ.ആർ.സി തായന്നൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സജിത ശ്രീകുമാർ, പുല്ലൂർ-പെരിയ പഞ്ചായത്തംഗം രതീഷ് കാട്ടുമാടം, രമേശൻ മലയാറ്റുകര, ചന്ദ്രൻ പരപ്പ, സി.വി. ശിവദാസൻ, ഒ.കെ. പ്രഭാകരൻ, സുരേന്ദ്രൻ കാലിക്കടവ്, കൃഷ്ണൻ മൂപ്പിൽ, മധു മൂപ്പിൽ, സുധീഷ് അടുക്കം, എം.ഡി. രാജൻ, ചന്ദ്രൻ വേങ്ങച്ചേരി എന്നിവർ പ്രസംഗിച്ചു.