ആലപ്പുഴ: പോളിയോ രോഗനിർമാർജനത്തിന്റെ ഭാഗമായി നവംബർ 22ന് പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നു. അഞ്ചു വയസുവരെയുള്ള എല്ലാ കുട്ടികൾക്കും പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്.
സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ബൂത്തുകൾ പ്രവർത്തിക്കുന്നത്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥിതൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ 23, 24 ദിവസങ്ങളിലും പ്രവർത്തിക്കും. തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുട്ടികൾക്ക് 23, 24 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.