അടുത്ത പുഞ്ചകൃഷി ഇറക്കുവാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്ന രാമങ്കരി കൃഷിഭവന് കീഴിലെ മണലുംഭാഗം പാടശേഖരം.
രാമങ്കരി: കുട്ടനാട്ടിൽ പുഞ്ചകൃഷി ഇറക്കുന്നതിനു മുന്നോടിയായുള്ള പന്പിംഗ് ജോലികൾക്ക് തുടക്കമായി. ഇക്കുറി രാമങ്കരി, ചന്പക്കുളം കൃഷി അസി. ഡയറക്ടർ ഓഫീസിന് കീഴിലായി ഏകദേശം നാനൂറിലധികം പാടശേഖരങ്ങളിലായി 17,000 ഹെക്ടറിലധികം സ്ഥലത്താണ് കൃഷിയിറക്കുന്നത്. രാമങ്കരിക്ക് കീഴിൽ 250 പാടശേഖരങ്ങളും ചന്പക്കുളത്തിന്റെ കീഴിൽ 153 പാടശേഖരങ്ങളുമാണ് കൃഷിവകുപ്പിന്റെ കണക്കുകളിലുള്ളത്.
കഴിഞ്ഞമാസം വെള്ളപ്പൊക്കത്തിൽ മടവീഴ്ചയുണ്ടായി കൃഷിനശിച്ച ചന്പക്കുളം എഡിഎയുടെ കീഴിലെ പാടശേഖരങ്ങളിലും ഇത്തവണ പുഞ്ചകൃഷി ഇറക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നുണ്ട്. പന്പിംഗ് ആരംഭിച്ചതോടെ കൃഷിയിടങ്ങളിലെ കളകൾ നീക്കം ചെയ്യുന്ന ജോലികളും തുടങ്ങി. ഇക്കുറി ഒട്ടുമിക്ക പാടശേഖരങ്ങളിലും ആന്പൽ പ്രധാന വില്ലനായി മാറിയിട്ടുണ്ട്. ട്രില്ലർ ഉപയോഗിച്ച് ആന്പൽ ഉഴതു മറിക്കുന്നതിന് ഒരേക്കറിന് 1,400 രൂപവരെ ചെലവാകുന്നതായി കർഷകർ പറഞ്ഞു.
വെള്ളം വറ്റിക്കുന്ന മുറയ്ക്ക് വിത്ത് സമയബന്ധിതമായി ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചതായി എഡിഎമാർ വ്യക്തമാക്കി. ഇത്തവണ കേരള സീഡ്സിൽ നിന്നാണ് കൂടുതലും വിത്ത് ലഭിക്കുക. കാർഷിക കലണ്ടർ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒക്ടോബർ 27ന് വിതയിറക്കുന്ന രീതിയിലാണ് ക്രമീകരണം.
ഓരുവെള്ളം കൊണ്ടുപോകുമോ പുഞ്ചകൃഷി
ചമ്പക്കുളം: കുട്ടനാട്ടിലെ രണ്ടാം കൃഷിക്ക് വെള്ളപ്പൊക്കം ഭീഷണി ഉയർത്തുമ്പോൾ പുഞ്ച കൃഷിക്ക് ഭീഷണിയാകുന്നത് ഉപ്പു വെള്ളമാണ്. കഴിഞ്ഞ വർഷങ്ങളിലും കുട്ടനാട്ടിലെ പല പാടശേഖരങ്ങളും ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയോ, വിളവ് കുറയുകയോ ചെയ്തിട്ടുണ്ട്. അതിനാൽ ഈ വർഷം പല പാടശേഖരങ്ങളും പുഞ്ചകൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.
തണ്ണീർമുക്കം, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ വഴി കുട്ടനാട്ടിലേക്ക്
തണ്ണീർമുക്കം, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലൂടെയാണ് കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ ഉപ്പുവെള്ളമെത്തുന്നത്. കുട്ടനാട്ടിലെ നദികളിലെയും തോടുകളിലെയും ജലനിരപ്പ് താഴുമ്പോൾ സ്വഭാവികമായി ഉപ്പുരസമുള്ള കടൽ വെള്ളം ഇതിലേക്കെത്തും. ഇത് യഥാവിധി നിയന്ത്രിക്കാനാവുന്ന സൗകര്യങ്ങൾ മൂന്നിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ യഥാസമയം അടച്ചും തോട്ടപ്പള്ളിയിലെയും തൃക്കുന്നപ്പുഴയിലെയും ഷട്ടറുകളുടെ ഇടയിലൂടെ കടൽവെള്ളം കടന്നുവരുന്നില്ലെന്ന് ഉറപ്പ് വരുത്തിയും ഉപ്പുവെള്ള ഭീഷണിൽ നിന്ന് കർഷകരെ രക്ഷിക്കാനാകും.
Tags : NattuVishesham DistrictNews