പ്രതീകാത്മക ചിത്രം
കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്ര വെടിക്കെട്ട് സ്ഫോടന കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നു. ചാര്‍ജിലെ 13, 14 സാക്ഷികളെ കോടതിയില്‍ 11, 12 സാക്ഷികളായി വിസ്തരിക്കുകയും കമ്പക്കുറ്റികളും കലായക്കുഴലുകളും ഉള്‍പ്പെടെയുള്ള തൊണ്ടിമുതലുകള്‍ കോടതിയില്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു. കേസില്‍ ചാര്‍ജിലുള്ള 15, 16 സാക്ഷികളെ വിസ്തരിക്കുന്നതിനായി വിചാരണ ഓഗസ്റ്റ് ഒന്നിലേക്ക് മാറ്റിവച്ച് കോടതി ഉത്തരവായി.
110 പേരുടെ മരണത്തിനും 656 പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ദുരന്തത്തില്‍, 357 വീടുകള്‍ക്കും കെഎസ്ഇബി വസ്തുവകകള്‍ക്കും വന്‍ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. കേസില്‍ ആകെ 59 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 16 പേര് വിചാരണ ഘട്ടത്തിനിടെ മരണപ്പെട്ടു. ശേഷിക്കുന്ന 43 പ്രതികളില്‍ 30-ാം പ്രതിയായ അടൂര്‍ ഏറത്ത് വില്ലേജില്‍ അനുരാജിനെ (അനു) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി നേരത്തെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കേസിലെ 11-ാം സാക്ഷി കൊട്ടാരക്കര മൈലം സ്വദേശി ജോംസണ്‍ (റജി), 12-ാം സാക്ഷി തലവൂര്‍ സ്വദേശി കൊച്ചുചെറുക്കന് എന്നിവരെയാണ് ഇന്നലെ വിസ്തരിച്ചത്. 19-ാം പ്രതിയും കമ്പക്കാരനുമായ വര്‍ക്കല കൃഷ്ണന്‍കുട്ടിയാശാന്റെ കമ്പജോലിക്കാരാണ് ഇരുവരും.
കൃഷ്ണന്‍കുട്ടിയാശാന്റെ വെട്ടൂര്‍ വലയന്കുഴിയിലുള്ള പടക്കനിര്‍മാണ പുരയില്‍ വച്ചാണ് വെടികളും അമിട്ടുകളും ഉണ്ടാക്കിയിരുന്നതെന്ന് സാക്ഷികള്‍ മൊഴി നല്കി. കമ്പത്തിന് മുന്നോടിയായി രണ്ടുദിവസം ഓലപ്പടക്കം മാലയാക്കുന്ന പണിയാണ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നും അവര്‍ വ്യക്തമാക്കി.
വെടിക്കെട്ട് ദിവസം ഉച്ചകഴിഞ്ഞ് പടക്കങ്ങളുമായി ജീപ്പില്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിന് തെക്കുമാറിയുള്ള താല്‍ക്കാലിക ഷെഡില്‍ ആശാനും സ്ഥിരം പണിക്കാരും അമിട്ടുകള്‍ക്ക് പേപ്പര്‍ ഒട്ടിക്കുന്നത് കണ്ടതായി സാക്ഷികള്‍ മൊഴി നല്കി. 500 പടക്കം വീതമുള്ള 100 വള്ളികള്‍ നിര്‍മിച്ചു നല്‍കിയതായും അവര്‍ സ്ഥിരീകരിച്ചു.
ലൗലി എന്നയാള്‍ ആശാന്റെ അടുത്തെത്തി രാത്രി 11 ഓടെ തന്നെ കമ്പം തുടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇയാളാണ് കമ്പത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നും സാക്ഷികള്‍ പറഞ്ഞു. അമിട്ടുകള്‍ പെട്ടെന്ന് പൊട്ടിക്കാന്‍ മൈക്കിലൂടെ നിര്‍ദേശം നല്‍കുന്നത് കേട്ടതായും മൊഴിയിലുണ്ട്.
12, 10, 8, 6, 5 ഇഞ്ച് വലിപ്പമുള്ള അമിട്ടുകളില്‍ ചുവന്ന പെയിന്റ് അടിച്ചിരുന്നതായി സാക്ഷികള്‍ പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ വട്ടിക്കെട്ടുകള്, നാഗത്തകിടിലുള്ള കമ്പക്കുറ്റികള്‍, കലായക്കുഴലുകള് എന്നിവ സാക്ഷികള്‍ തിരിച്ചറിയുകയും ഇവ തൊണ്ടിമുതലുകളായി കോടതിയില്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു.
ചാര്‍ജിലെ 15, 16 സാക്ഷികളായി ഇനി കോടതിയില്‍ വിസ്തരിക്കാനുള്ള പോളച്ചിറ പ്രശാന്ത് വിലാസത്തില്‍ വിനോദ് കുമാര്‍, മയ്യനാട് ആയിരംതെങ്ങ് സ്വദേശി പ്രകാശന് എന്നിവര്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്.
പ്രതിഭാഗത്തിനുവേണ്ടി അഡ്വക്കേറ്റുമാരായ ഓച്ചിറ എ. അനില്‍കുമാര്‍, ജി. മോഹന്‍ രാജ്, എല്‍. ലിന്റന്, മരുത്തടി എസ്. നവാസ്, ചിറക്കരത്താഴം സുരേഷ്കുമാര്‍, വി.എന്‍. ഹസ്കര്‍, മങ്ങാട് സി.എസ്. സുനില്‍, എസ്. സിജു, ആര്. ലത, ഉമയനല്ലൂര്‍ ബി. ദീപു എന്നിവരും പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. ജബ്ബാര്‍, അഡ്വ. അമ്പിളി ജബ്ബാര്‍ എന്നിവരും കോടതിയില്‍ ഹാജരായി.
Tags : NattuVishasham DistrictNews