പ്രതീകാത്മക ചിത്രം
തൃശൂർ: പ്രകൃതിഭംഗികൊണ്ട് മിനി സ്വിറ്റ്സർലൻഡ് എന്നു സന്ദർശകർ പേരിട്ട പീച്ചി പാടം വ്യൂ പോയിന്റ് കാണാൻ അനുമതി നിഷേധിച്ച് അധികൃതർ. സന്ദർശകർ വലിച്ചെറിയുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും കുന്നുകൂടിയതോടെ പീച്ചിപ്പാടത്തേക്കു സന്ദർശകരെ അനുവദിക്കേണ്ടെന്നു ജില്ലാ കലക്ടർ നിർദ്ദേശിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. റിസർവോയറിൽനിന്നാണ് ജില്ലയിലെ നിരവധി പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ മാലിന്യം വലിച്ചെറിയാൻ തുടങ്ങിയതോടെ പ്രദേശവാസികൾ പരാതി നൽകി. പീച്ചിഡാം റിസർവോയറിനോടു ചേർന്നുള്ള ഒറ്റപ്പെട്ട പ്രദേശമായതിനാൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും പതിവായതോടെയാണു നാട്ടുകാർ പ്രതികരിച്ചത്. ഇതെല്ലാം മുൻനിർത്തിയാണ് വിനോദസഞ്ചാരികളെ അനുവദിക്കേണ്ടതില്ലെന്നു വനംവകുപ്പ് അധികൃതർക്കു നിർദേശം ലഭിച്ചത്.
നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് അൽപസമയം പ്രശാന്തസുന്ദരമായ ഒരിടത്ത് സമയം ചെലവഴിക്കാനെത്തുന്നവരാണു പീച്ചിപ്പാടത്ത് എത്തുന്നവരിലേറെയും.
പീച്ചി അണക്കെട്ടിനു സമീപത്തെ മനോഹര പ്രകൃതിദൃശ്യങ്ങളും പച്ചപ്പുനിറഞ്ഞ പുൽമേടുകളും കുഞ്ഞോളങ്ങളുമുള്ള പീച്ചിപ്പാടം റീൽസുകളിലൂടെയാണു ശ്രദ്ധേയമായത്. പീച്ചി ഡാം റിസർവോയറിനോടു ചേർന്നുകിടക്കുന്ന പീച്ചിപ്പാടത്തേക്കു തൃശൂർ നഗരത്തിൽനിന്ന് ഏകദേശം 24 കിലോമീറ്ററാണു ദൂരം. വാണിയന്പാറ വഴി ഇവിടേക്ക് എത്തിച്ചേരാം. പീച്ചിഡാമിന്റെ പശ്ചാത്തലത്തിൽ പുൽമേടുകൾക്കു പുറമേ പച്ചനിറഞ്ഞ ചെറുകുന്നുകളുടെ കാഴ്ചയും സ്വിറ്റ്സർലൻഡിനു സമാനമായ കാഴ്ചയായതിനാലാണ് മിനി സ്വിറ്റ്സർലൻഡ് എന്നു സഞ്ചാരികൾ ഓമനപ്പേര് നൽകിയത്.
റീൽസുകളിലൂടെയും വ്ളോഗുകളിലൂടെയും ഏറെ പ്രചാരം ലഭിച്ചതോടെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫി ലൊക്കേഷനായി ഇവിടം മാറി. നിബന്ധനകൾ കർശനമാക്കി പീച്ചിപ്പാടത്ത് പ്രവേശനം അനുവദിക്കണമെന്നാണു വിനോദസഞ്ചാരികളുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews