പ്രതീകാത്മക ചിത്രം
കൈലാത്തുകവല: ചിറക്കടവ് പഞ്ചായത്തിന്റെ പതിനാലാം വാർഡ് പരിധിയിൽ മുന്പ് നിരോധിക്കപ്പെട്ട തോംപാറ പാറമടയ്ക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുതിയതായി ആരംഭിക്കാൻ നീക്കം നടക്കുന്ന പാറമടയ്ക്കെതിരേ നാട്ടുകാർ ഒന്നടങ്കം രംഗത്ത്. പദ്ധതിക്കെതിരേ കക്ഷിരാഷ്ട്രീയ-ജാതി-മത ഭേദമെന്യേ ശക്തമായ നിയമപോരാട്ടങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങൾക്കും രൂപം നൽകാൻ പ്രദേശവാസികളുടെ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
സമരപരിപാടികൾ ഏകോപിപ്പിക്കുന്നതിനായി ഗോപിനാഥപിള്ള മുടക്കയത്ത്, കെ.കെ. ദാമോദരൻ നായർ തോമ്പാറക്കുഴിയിൽ, എം.വി. ചാക്കോ മഞ്ഞാക്കൽ എന്നിവർ രക്ഷാധികാരികളായും വാർഡ് മെംബർ ത്രേസ്യാമ്മ നല്ലേപ്പറമ്പിൽ ചെയർപേഴ്സണായും രാഹുൽ ഗോപിനാഥ് കൺവീനറായും പാറമടവിരുദ്ധ ജനകീയപ്രതിരോധ സമിതിക്ക് യോഗം രൂപം നൽകി.
പ്രദേശവാസിയല്ലാത്ത വ്യക്തി വാങ്ങിയിട്ടുള്ള ഭൂമിയിലാണ് പാറമട ആരംഭിക്കാനുള്ള നീക്കങ്ങൾ സജീവമായിട്ടുള്ളത്. നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പാറമട വരുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാകുമെന്നും സ്വാഭാവിക കുടിവെള്ള സ്രോതസുകൾ വറ്റാനും വീടുകൾക്ക് വിള്ളൽ വീഴാനും വഴിവയ്ക്കുമെന്നും യോഗം വിലയിരുത്തി. ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന പദ്ധതി പ്രദേശത്ത് ഒരുകാരണവശാലും അനുവദിക്കില്ലെന്ന് നാട്ടുകാർ പ്രഖ്യാപിച്ചു.
പാറമടയ്ക്ക് പഞ്ചായത്തോ ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകളോ യാതൊരുവിധ അനുമതികളും നൽകരുതെന്നും നിലവിൽ നടത്തുന്ന നീക്കങ്ങളിൽനിന്ന് അധികൃതർ അടിയന്തരമായി പിന്മാറണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ കളക്ടറേറ്റ്, പഞ്ചായത്ത് ഓഫീസ് എന്നിവ കേന്ദ്രീകരിച്ച് മാസ് പെറ്റീഷൻ നൽകാനും സമരം കൂടുതൽ ശക്തമാക്കാനും സമിതി തീരുമാനിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി കൺവീനർ രാഹുൽ ഗോപിനാഥ് അറിയിച്ചു.
Tags : NattuVishesham DistrictNews