കാരുചിറ ബഡ്സ് സ്കൂളിനോട് ചേർന്നുള്ള തണ്ണീർത്തട പ്രദേശം ജെസിബി ഉപയോഗിച്ച് മണ്ണിട്ട് നികത്തുന്നു.
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ആലുവ-പറവൂർ പ്രധാന പാതയോട് ചേർന്നുള്ള കാരുചിറക്കുളം ഉൾപ്പെടുന്ന തണ്ണീർത്തടം നികത്താനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കാരുചിറ ബഡ്സ് സ്കൂളിനോട് ചേർന്നുള്ള ആറ് ഏക്കറോളം വരുന്ന തണ്ണീർത്തട പ്രദേശം മണ്ണിട്ട് നികത്തി നിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതെന്നാണ് ആരോപണം.
കരുമാലൂർ പഞ്ചായത്തിലെ പ്രധാന ജലസംഭരണ മേഖലയായ ഇവിടെ നികത്തൽ നടത്തുന്നത് വേനൽക്കാലത്ത് കടുത്ത വരൾച്ചയ്ക്കും മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടിനും കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് കാരക്കുളം, മരോട്ടിച്ചുവട്, തോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള വെള്ളം ഒഴുകിയെത്തി ശേഖരിക്കപ്പെടുന്നത് ഈ തണ്ണീർത്തട മേഖലയിലാണ്. ഇവിടെനിന്നുള്ള വെള്ളം മണ്ടളപ്പാടം വഴി ഒഴുകിയാണ് പെരിയാറിലെത്തുന്നത്.
തണ്ണീർത്തടം നികത്തിയാൽ കാരുചിറക്കുളത്തിന് സമീപത്തെ കാരക്കുളം, മരോട്ടിച്ചുവട്, തോപ്പ് പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുമെന്നും വേനൽക്കാലത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകാനും ഇത് ഇടയാക്കുമെന്ന് അവർ പറയുന്നു. മണ്ടളപ്പാടത്തെ ഏക്കർ കണക്കിന് വരുന്ന നെൽക്കൃഷിയെയും നികത്തൽ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ആലുവ വെസ്റ്റ് പൊലിസ് സ്റ്റേഷൻ നിർമിക്കുന്നതിനായി 30 സെന്റ് സ്ഥലം ആവശ്യപ്പെട്ട് എസ്എച്ച്ഒ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കരുമാലൂരിലെ പ്രധാന ജലസ്രോതസുകളിലൊന്നായ ഈ തണ്ണീർത്തടം നികത്താൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതെന്നാണ് വിവരം. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിലായി പഞ്ചായത്തിലെ കാനകൾ വൃത്തിയാക്കിയതിൽനിന്നുള്ള മണ്ണ് ഇവിടെ എത്തിച്ച് കൂട്ടിയിട്ടിരുന്നതായും ഇത് മാലിന്യ പ്രശ്നത്തിന് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്തെ കുടിവെള്ള സ്രോതസിനെയും മണ്ടളപ്പാടത്തെ നെൽക്കൃഷിയെയും ഗുരുതരമായി ബാധിക്കുന്ന നീക്കത്തിൽനിന്ന് പഞ്ചായത്ത് ഭരണസമിതി പിന്മാറണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തണ്ണീർത്തടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനും നിയമപരമായ നടപടികളിലേക്ക് നീങ്ങാനുമാണ് പ്രദേശവാസികളുടെ തീരുമാനം.
പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേഥധിച്ച് വാക്കൗട്ട്
കരുമാലൂർ: കാരുചിറക്കുളം ഉൾപ്പെടുന്ന തണ്ണീർത്തടം നികത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കരുമാലൂർ പഞ്ചായത്ത് കമ്മിറ്റി യോഗത്തൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി. രുമാലൂർ പഞ്ചായത്തിലെ പ്രധാന തണ്ണീർത്തട മേഖലയായ കാരുചിറ തണ്ണീർത്തടം നികത്താൻ യുഡിഎഫ്–ബിജെപി സഖ്യം പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.
തണ്ണീർത്തടം നികത്താനുള്ള തീരുമാനം പരിസ്ഥിതിക്കും പ്രദേശത്തെ ജലസ്രോതസുകൾക്കും കൃഷിക്കും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ ജി.ഡി. ഷിജു ആരോപിച്ചു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും നിയമപരമായ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
Tags : NattuVishesham DistrictNews