ലിഫ്റ്റിൽ കുടുങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ രാജീവിനെ ടെക്നിഷ്യൻ എത്തി പുറത്തിറക്കിയപ്പോൾ.
വൈക്കം: താലൂക്ക് ആശുപത്രിയിലെ ലിഫ്റ്റിൽ സെക്യൂരിറ്റി ജീവനക്കാരൻ കുടുങ്ങി. ഇന്നലെ രാവിലെ 6.30ഓടെ താഴത്തെ നിലയിൽനിന്ന് അഞ്ചാം നിലയിലേക്ക് ലിഫ്റ്റിൽ പോയ സെക്യൂരിറ്റി ജീവനക്കാരൻ രാജീവാണ് ലിഫ്റ്റിന്റെ കതക് തുറക്കാൻ പറ്റാതെ അരമണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയത്.
ഡോക്ടർമാരെ അടക്കം ഫോണിൽ വിളിച്ചിട്ടും പുലർച്ചെയായതിനാൽ ആരെയും ലൈനിൽ കിട്ടിയില്ല. ഇതിനിടെ ജീവനക്കാരന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ലിവർ ഉപയോഗിച്ച് ഡോർ അകത്തി വിടവുണ്ടാക്കിയാണ് വായുസഞ്ചാരം ഉണ്ടാക്കിയത്. രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റു സെക്യൂരിറ്റി ജീവനക്കാരും വിവരമറിഞ്ഞെത്തി ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിന്നീട് ടെക്നീഷനെ വരുത്തി ഡോർ തുറന്നാണ് രാജീവിനെ പുറത്തിറക്കിയത്. ജീവനക്കാരന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Tags : District News Nattuvishesham security guard hospital lift