തെരുവുനായ
നെയ്യാറ്റിന്‍കര: നഗരസഭ മേഖ ലയിൽ കഴിഞ്ഞ ദിവസം മൂന്നു വഴിയാത്രക്കാരെ ആക്രമിച്ച തെരുവുനായയ്ക്ക് പേ വിഷ ബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. നായയുടെ ജഡം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. റിപ്പോര്‍ട്ട് ഇന്നലെ ലഭിച്ചുവെന്നും പോസിറ്റീവാണെന്നും ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ അറിയിച്ചു.
കൂട്ടപ്പന വാര്‍ഡിലെ പ്രദേശത്താണ് തെരുവുനായ മൂന്നു പേരെ ആക്രമിച്ചത്. ദേഹമാസകലം കടിയേറ്റ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റു രണ്ടു പേര് നെയ്യാറ്റിന്‍കര ഗവ. ജനറല്‍ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
തെരുവു നായയ്ക്ക് പേ വിഷ ബാധയുണ്ടെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നതിനു മുന്‍പുതന്നെ കൂട്ടപ്പനയിലും സമീപത്തെ മൂന്നുകല്ലിന്മൂട്, പേരന്നൂര്‍ വാര്‍ഡുകളിലും വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പ്രതിരോധ കുത്തിവയ്പ് യജ്ഞം നടന്നു.
നെയ്യാറ്റിന്‍കര മൂന്നുകല്ലിന്മൂടില് പ്രവര്‍ത്തിക്കുന്ന ഗവ. താലൂക്ക് ഹോമിയോ ആശുപത്രിക്കു സമീപം നടന്ന പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന് നെയ്യാറ്റിന്‍കര നഗരസഭയും റാബിസ് ടാസ്ക് ഫോഴ്സും സംയുക്തമായി നേതൃത്വം നല്കി.
ആക്രമണകാരിയായ തെരുവുനായ എവിടെനിന്നാണ് വന്നതെന്നോ ഏതെങ്കിലും വളര്‍ത്തുമൃഗങ്ങളെയോ മറ്റു തെരുവുനായകളെയോ കടിക്കുകയോ ആക്രമിക്കുകയോ ചെയ്തിട്ടുണ്ടോ എന്നത് ഗൗരവമായ വിഷയമാണെന്നും ഇക്കാര്യം നഗരസഭ അധികൃതര്‍ അന്വേഷിക്കേണ്ടതാണെന്നും മുന്‍ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ് ആവശ്യപ്പെട്ടു.