1. താമരശേരി ചുരത്തില്‍ ഇന്നലെയുണ്ടായ ഗതാഗതക്കുരുക്ക്. ആറാം വളവില്‍ നിന്നുള്ള ദൃശ്യം.
അടിവാരം: കാലവര്‍ഷത്തിനു തൊട്ടുമുന്നോടിയായി ആരംഭിച്ച താമരശേരി ചുരം വളവ് നവീകരണം കടുത്ത യാത്രാദുരിതത്തിന് കാരണമാകുന്നു. ഒരാഴ്ചയായി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ കരാര്‍ കമ്പനി നിര്‍മാണ ജോലികള്‍ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ചുരത്തില്‍ നിന്ന് പൊട്ടിച്ച വലിയ പാറക്കഷണങ്ങളും മണ്ണും വളവില്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
ഇത് മഴയത്ത് റോഡിലേക്ക് ഒലിച്ചിറങ്ങി വാഹനങ്ങള്‍ക്ക് യാത്രാ തടസം സൃഷ്ടിക്കുന്നുണ്ട്. ചെറിയ വാഹനങ്ങള്‍ക്കു പോലും വളവ് തിരിയാന്‍ ബുദ്ധിമുട്ടാണ്. ബസുകള്‍ ഏറെ ശ്രമകരമായാണ് വളവുകള്‍ താണ്ടുന്നത്. അതിനിടെ, വിലക്ക് മറികടന്നും വന്‍ ചരക്ക് വാഹനങ്ങള്‍ പകല്‍ സമയത്തും ചുരത്തിലൂടെ കടന്നുപോകുന്നുണ്ട്.
മഴക്കാലത്ത് നവീകരണ പ്രവൃത്തി ആരംഭിച്ചതോടെ ചുരത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ കൊടിയ യാത്രാദുരിതമാണ് അനുഭവിക്കുന്നത്. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മണ്ണെടുക്കലും പാറ പൊട്ടിക്കലും തകൃതിയായി നടന്നിരുന്നു. ആറാം വളവില്‍ റോഡിന്റെ വശത്തുനിന്ന് വലിയ രീതിയില്‍ മണ്ണും പാറകളും നീക്കിയിരുന്നു.
ഇത് റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചിലിനൊപ്പം ഈ മണ്ണും കല്ലുകളും റോഡിലേക്ക് ഒലിച്ചിറങ്ങാനും മുകളില്‍ നിന്ന് കൂടുതല്‍ മണ്ണിടിയാനുമുള്ള സാധ്യതയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മഴക്കാലത്തിനുശേഷം ചുരം നവീകരണം ആരംഭിക്കുകയായിരുന്നു ഉചിതമെന്നാണ് പൊതു അഭിപ്രായം. പകല്‍ സമയങ്ങളില്‍ ചുരത്തില്‍ ഏര്‍പ്പെടുത്തിയ ചരക്ക് ലോറികളുടെ നിരോധനം കൃത്യമായി നടപ്പാക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ മള്‍ട്ടി ആക്സില്‍ ഉള്‍പ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിച്ച് നിരവധി വാഹനങ്ങളാണ് പകല്‍ സമയത്ത് ചുരം കയറുന്നത്. നിയന്ത്രണ സമയം കഴിഞ്ഞ് രാത്രി എട്ടിന് ശേഷം വലിയ ചരക്ക് ലോറികള്‍ കൂട്ടത്തോടെ ചുരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആറാം വളവിലെ വീതികുറവ് കാരണം വാഹനങ്ങള്‍ തിരിക്കാനാകാതെ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിക്കുന്നത്.
വയനാട്ടില്‍ നിന്നും കോഴിക്കോട്ടെ വിവിധ ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്ന രോഗികളും യാത്രക്കാരും കടുത്ത പ്രയാസത്തിലാണ്. പരീക്ഷകള്‍ക്കും ജോലിക്കും പോകുന്നവര്‍ക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുന്നില്ല. കേരളത്തില്‍ നിന്ന് മുത്തങ്ങ വഴി കര്‍ണാടകയിലേക്കു കടന്നുപോകേണ്ട ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ചുരത്തിലെ കുരുക്കു മൂലം രാത്രി ഒന്‍പതിന് മുമ്പായി കര്‍ണാടക മദ്ദൂര്‍ ഫോറസ്റ്റ് ചെക്ക്പോസ്റ്റിലൂടെ കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്.
കോഴിക്കോട്-ബംഗളൂരു ദേശീയ പാതയുടെ ഭാഗമായ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിന്റെ പരിധിയില്‍ വരുന്ന വനപാതകളില്‍ രാത്രി ഒന്പതുതു മുതല്‍ പുലര്‍ച്ചെ ആറുവരെ വാഹന ഗതാഗത നിയന്ത്രണമുണ്ട്. സമയം വൈകുന്ന വാഹനങ്ങള്‍ 60 കിലോമീറ്ററോളം അധികം ചുറ്റിവളഞ്ഞ് ബാവലി, കുട്ട, ഗോണിക്കുപ്പ, വീരാജ്പേട്ട വഴിയാണ് മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്കു പോകുന്നത്. ശക്തമായ മഴ ദിവസങ്ങളോളം നീണ്ടാല്‍ താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതം തന്നെ പൂര്‍ണമായി നിലയ്ക്കാനുള്ള സാധ്യത ഏറെയാണ്. മണ്ണെടുത്ത ഭാഗങ്ങളില്‍ കൂടുതല്‍ മഴവെള്ളം ഇറങ്ങിയാല്‍ മണ്ണിടിച്ചില്‍ സാധ്യതയുമുണ്ട്.
മഴക്കാലത്ത് മണ്ണ് നീക്കുകയും പാറ പൊട്ടിക്കുകയും ചെയ്യുന്നതിനു പകരം റോഡിന്റെ താഴെവശം കെട്ടിപ്പൊക്കുന്ന പ്രവൃത്തിയാണ് ആരംഭിക്കേണ്ടിയിരുന്നതെന്ന് ചുരം സംരക്ഷണ സമിതി ചെയര്മാന് മൊയ്തു മിഠായി അഭിപ്രായപ്പെട്ടു. ഇന്നലെ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് പാറക്കഷണം റോഡിലേക്കു വീണിരുന്നു.
ഉടന്‍ തന്നെ നിര്‍മാണ കമ്പനി തൊഴിലാളികള്‍ പാറ റോഡരികിലേക്കു നീക്കി. വളവില്‍ പാറക്കഷണങ്ങളും മണ്ണും കൂട്ടിയിട്ടിരിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകും. മഴക്കാലത്ത് മണ്ണിടിക്കുന്നതിലുള്ള അനൗചിത്യം നിര്‍മാണ കമ്പനി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ചുരത്തില്‍ ഇന്നലെയും ഗതാഗതക്കുരുക്ക്
അടിവാരം: താമരശേരി ചുരത്തില്‍ ഇന്നലെയും രൂക്ഷമായ ഗതാഗതക്കുരുക്ക്. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിരനീണ്ടു. ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നോടെ ചുരത്തിലെ ആറാം വളവില്‍ ലോറി കുടുങ്ങിയതാണ് ഗതാഗത തടസത്തിന് കാരണമായത്.
ഒരു മണിക്കൂറിനുള്ളില്‍ ലോറി മാറ്റിയെങ്കിലും പിന്നീട് മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. ചുരത്തില്‍ ഇടയ്ക്കിടെ അതിശക്തമായ മഴയാണ് പെയ്യുന്നത്. കാഴ്ചമറയ്ക്കുന്ന മഴയും മൂടല്‍ മഞ്ഞും ചുരത്തില്‍ വാഹനങ്ങള്‍ക്ക് യാത്രാതടസം സൃഷ്ടിക്കുന്നുണ്ട്.
Tags : Local News Nattuvishesham Kozhikode