വീടിനോട് ചേര്‍ന്നു വളര്‍ത്തുന്ന മണിത്താറാവുകള്‍ക്ക് സമീപം ജോയിസ് ജിം.
തൊടുപുഴ: ഐടി പ്രഫഷണലായ തുടങ്ങനാ ട് വിച്ചാട്ട് ജോയിസ് ജിമ്മിന് ജോലി പോലെതന്നെ പ്രിയപ്പെട്ടതാണ് കൃഷിയും അരുമപ്പക്ഷികളുടെ വളര്‍ത്തലും. സ്കൂള്‍ പഠനകാലത്തുതന്നെ കൃഷിക്കു പുറമേ മത്സ്യംവളര്‍ത്തല്‍, വളര്‍ത്തു മൃഗങ്ങളുടെയും അലങ്കാരപ്പക്ഷികളുടെയും പരിപാലനം എന്നിവയില്‍ ഏറെ തത്പരനായിരുന്നു ജോയ്സ്. കര്‍ഷകനായ പിതാവ് ജിം ജോണ്‍, മാതാവ് ജോളി എന്നിവരുടെ പിന്തുണകൂടി ലഭിച്ചതോടെ വീടിനു സമീപം ജോയിസ് വളര്‍ത്തുപക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി കൂടുകളൊരുക്കി. ഇതോടൊപ്പം മത്സ്യകൃഷിയും പച്ചക്കറി കൃഷിയും നടത്തുകയും ചെയ്തു. എറണാകുളത്ത് ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥനായ ജോയിസ് ജോലിക്കു ശേഷം കിട്ടുന്നസമയം പൂര്‍ണമായും ഇതിനായി മാറ്റി വച്ചിരിക്കുകയാണ്.
പഠന കാലം മുതല്‍ മത്സ്യം വളര്‍ത്തല്‍
കുട്ടിക്കാലത്ത് നായ്ക്കളെയും പൂച്ചകളെയും ഓമനിച്ചു വളര്‍ത്തിയിരുന്ന ജോയ്സ് പിന്നീട് മത്സ്യംവളര്‍ത്തല്‍ ആരംഭിച്ചു. വീടിനു സമീപംതന്നെയുള്ള 440 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ടു പടുതാക്കുളങ്ങളിലായിരുന്നു മത്സ്യം വളര്‍ത്തല്‍. ചിത്രലാട, ഗിഫ്റ്റ്, വാള, ഗ്രാസ് കാര്‍പ്പ് എന്നിവയെയാണ് വളര്‍ത്തിയത്. പ്രാദേശികമായിത്തന്നെയായിരുന്നു മത്സ്യത്തിന്റെ വില്‍പ്പന. ജോളിയുടെ നേതൃത്വത്തില്‍ മത്സ്യം വൃത്തിയാക്കി നല്‍കിയതോടെ ആവശ്യക്കാരേറി. ഏതാനും മാസം മുമ്പ് വിളവെടുത്ത കുളം ശുചീകരിച്ച് അടുത്ത ഘട്ടം മത്സ്യകൃഷിക്കായി തയാറെടുക്കുകയാണ് ജോയ്സ്.
വിവിധയിനം അരുമപ്പക്ഷികള്‍
അഞ്ചു വര്‍ഷം മുമ്പ് വീടിനു സമീപം ഇരുമ്പു വലകള്‍ ഉപയോഗിച്ച് കൂടു സ്ഥാപിച്ച് കോഴിയും കാടയും താറാവും വളര്‍ത്തിത്തുടങ്ങി. മുട്ടയോടൊപ്പം കോഴികളെയും വിവിധ മാര്‍ക്കറ്റുകളില്‍ വില്‍പ്പന നടത്തി. എന്നാല്‍ രോഗംവന്ന് ഒട്ടേറെ കോഴികള്‍ ചത്തുപോയതോടെ ജോയിസ് പുതിയ കാല്‍വയ്പ് നടത്തി. ഇതോടെയാണ് മണിത്താറാവ്, അലങ്കാര കോഴികള്‍, ഗിനിക്കോഴി എന്നിവയെ വളര്‍ത്താന്‍ തുടങ്ങിയത്. ഇപ്പോള്‍ മികച്ച വരുമാനമാണ് ഇവയുടെ വില്‍പ്പനയില്‍നിന്നു ജോയിസിന് ലഭിക്കുന്നത്. അലങ്കാരക്കോഴികളായ കൊളംബിയന്‍ ബ്രഹ്മ, ഇറ്റാലിയന്‍ ബാന്‍ഡ് എന്നിവയെയാണ് കൂടുകളില്‍ വളര്‍ത്തുന്നത്. കാലില്‍ ഉള്‍പ്പെടെ തൂവലുകള്‍ നിറഞ്ഞ് കാണാന്‍ ഏറെ ചന്തമുള്ള ഇവയെ കൗതുകത്തിനായാണ് പലരും വീടുകളില്‍ വളര്‍ത്തുന്നത്. വളര്‍ച്ചയെത്തുന്നതോടെ ഇവയ്ക്ക് ആറു മുതല്‍ എട്ടു കിലോ വരെ തൂക്കമുണ്ടാകും. ജോഡിക്ക് 5,000 മുതല്‍ 6,000 രൂപ വരെ വിപണിയില്‍ വില ലഭിക്കും. വല കെട്ടിയാണ് മണിത്താറാവുകളെ വളര്‍ത്തുന്നത്. മൂന്നു മാസംകൊണ്ട് മൂന്നു കിലോ തൂക്കമെത്തും. വലിയ മണിത്താറാവിന് 1500 രൂപ വരെ വില ലഭിക്കും.
ഗിനിക്കോഴിയുടെ കുഞ്ഞുങ്ങളെ 180 രൂപയ്ക്കാണ് വില്‍ക്കുന്നത്. കാടയുടെ ചെറിയ പതിപ്പായ ബട്ടര്‍ ക്യുയിലിനെയും വളര്‍ത്തുന്നുണ്ട്. ഇതിനെ 100 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതോടൊപ്പം ഗിനിപ്പന്നികളെയും വളര്‍ത്തുകയും വില്‍പ്പന നടത്തി വരികയും ചെയ്യുന്നു. താറാവിനും കോഴിക്കും തവിട്, ഗോതമ്പ്, ലയര്‍മാഷ്, ഗ്രോവര്‍ എന്നിവ കൂട്ടിക്കലര്‍ത്തിയ തീറ്റയാണ് നല്‍കുന്നത്. ഇതോടൊപ്പം പെല്ലറ്റും പ്രതിരോധ ശേഷിക്കായി സപ്ലിമെന്റുകളും നല്‍കും.
ഓണ്‍ലൈന്‍ വിപണി
വാട്ട്സാപ്പ് ഗ്രൂപ്പുകള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയും കര്‍ഷക ഗ്രൂപ്പുകള്‍ വഴിയുമാണ് വില്‍പ്പന. ഇനങ്ങളുടെ വിവരങ്ങള്‍ കൈമാറുന്നതോടെ ജോയിസിനെത്തേടി വിവിധ മേഖലകളില്‍നിന്ന് ആവശ്യക്കാരുടെ കോളുകളെത്തും. വീട്ടിലെത്തി വാങ്ങുന്നവര്‍ക്ക് പുറമേ സമീപ പ്രദേശത്തുള്ളവര്‍ക്ക് വാഹനത്തില്‍ എത്തിച്ചും നല്‍കും.
പച്ചക്കറി കൃഷി കുടുംബാംഗങ്ങളുടെ സഹായത്തോടെ വീടിനു സമീപം പച്ചക്കറി കൃഷിയും നടത്തി വരുന്നുണ്ട്. പാവല്‍, വള്ളി ബീന്‍സ്, കുറ്റി ബീന്‍സ്, തക്കാളി, കോവല്‍, പച്ചമുളക് തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. റംബുട്ടാന് ഉള്‍പ്പെടെ പഴവര്‍ഗ കൃഷിയുമുണ്ട്. തുടങ്ങനാട്ടില്‍ വീടിനു സമീപംതന്നെ പ്രവര്‍ത്തിക്കുന്ന സണ്‍ഡേ മാര്‍ക്കറ്റ് വഴിയാണ് പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നത്.
കഴിഞ്ഞ ഡിസംബറില്‍ കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷക സംഗമത്തോടനുബന്ധിച്ച് പാലാ രൂപതയിലെ മികച്ച യുവകര്‍ഷകനായി ജോയിസിനെ തെരഞ്ഞെടുത്തിരുന്നു. അമ്മ ജോളിക്കു മുട്ടം പഞ്ചായത്തിലെ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ ഭാര്യ അമലുവും ജോയിസിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി ഒപ്പമുണ്ട്.
Tags : farming Nattuvishesham District News