റിലേ നിരാഹാര സമരം ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
അമ്പലപ്പുഴ: അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന റിലേ നിരാഹാര സമരം 600 ദിവസം കഴിഞ്ഞു. കരൂർ പായൽക്കുളങ്ങരയിലാണ് വൃദ്ധരുൾപ്പെടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി 600 ദിവസമായി സമരം നടത്തുന്നത്. ദേശീയപാതാ നിർമാണം ആരംഭിച്ച കാലത്ത് ഇവിടെ അടിപ്പാത നിർമിക്കാമെന്ന ഉറപ്പ് അധികൃതർ നൽകിയിരുന്നു.
എന്നാൽ, പിന്നീട് അടിപ്പാത നിർമാണം ഒഴിവാക്കിയതോടെയാണ് നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ച് പായൽക്കുളങ്ങര ക്ഷേത്രത്തിന് വടക്കു ഭാഗത്ത് പന്തൽ കെട്ടി സമരമാരംഭിച്ചത്. ഈ ആവശ്യമുന്നയിച്ച് അനേകം പ്രതിഷേധങ്ങളും സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.
എംപി, എംഎൽഎ, ദേശീയ പാതാ വികസന അഥോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ സമരപ്പന്തൽ സന്ദർശിച്ച് അടിപ്പാത നിർമിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അടിപ്പാത യാഥാർഥ്യമാകാതെ വന്നതോടെയാണ് സമരം തുടരുന്നത്. നിലവിൽ അമ്പലപ്പുഴ ജംഗ്ഷൻ കഴിഞ്ഞാൽ തെക്ക് ഭാഗത്ത് മൂന്ന് കിലോ മീറ്ററിനപ്പുറം പുറക്കാട് ജംഗ്ഷനിലാണ് അടിപ്പാതയുള്ളത്. തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതോടെ പ്രതിഷേധം ശക്തമായി തുടരാനാണ് തീരുമാനം.
600-ാം ദിവസം നടന്ന പൊതുസമ്മേളനം ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി വർക്കിംഗ് പ്രസിഡന്റ് ജൂബി സുകുമാരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, പഞ്ചായത്തംഗം എൻ.ഡി. ഗോപകുമാർ, ജനകീയ സമിതി കൺവീനർ എൻ.കെ. സഞ്ജീവൻ, വൈസ് ചെയർമാൻ എ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.