മുക്കം-മാമ്പറ്റ ബൈപാസിൽ റോഡിന്റെ ഒരു ഭാഗം ടാറിംഗ് നടത്താതെ ഒഴിച്ചിട്ട നിലയിൽ.
മുക്കം: നവീകരണപ്രവൃത്തിക്കു ശേഷം ഗതാഗതത്തിന് തുറന്നു കൊടുത്ത മുക്കം-കുറ്റിപ്പാല-വെസ്റ്റ് മാമ്പറ്റ ബൈപാസിൽ അപകടം പതിയിരിക്കുന്നു. വീതികൂട്ടി ടാറിംഗ് കഴിഞ്ഞ റോഡിൽ മുക്കത്തിനും കുറ്റിപ്പാലക്കുമിടയിൽ നിരവധി സ്ഥലങ്ങളിലാണ് റോഡ് താഴ്ന്ന് പോയത്. ഇത് കൂടാതെ കയ്യിട്ടാ പൊയിലിനും കുറ്റിപാലക്കുമിടയിൽ നിരവധി സ്ഥലങ്ങളിൽ റോഡ് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. കയ്യിട്ടാപൊയിലിന് സമീപമുളള ഇറക്കത്തിൽ റോഡിനോട് ചേർന്ന ഒരു ഭാഗം മണ്ണ്നീങ്ങി നീളത്തിൽ ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്.
ടിപ്പറുകൾ ഉൾപ്പെടെയുള്ള വലിയ ഭാരം കയറ്റിയ വാഹനങ്ങളും ആംബുലൻസ് പോലുള്ളവയും കടന്നുപോകുന്ന പ്രധാനപ്പെട്ട ബൈപാസാണിത്. എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഏത് സമയത്തും നീളത്തിൽ രൂപപ്പെട്ട ഈ ഗർത്തത്തിൽ ചാടി അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ്.
മഴ പെയ്തു തുടങ്ങിയതോടെ വെള്ളം ഒഴുകുന്ന ചാലായി ഇതുമാറി. ഇരുചക്ര യാത്രികരും കാർ, ഓട്ടോറിക്ഷപ്പോലുള്ള ചെറു വാഹനങ്ങളും ഈ ചാലിലേക്ക് വീണാൽ വലിയ അപകടമാകും സംഭവിക്കുക. കൂടാതെ നിലവിലെ റോഡിന്റെ വശം ഇടിയാനും സാധ്യതയുണ്ട്.
ക്വാറി വേസ്റ്റ് പോലുള്ളവയിട്ട് റോഡിന്റെ വശം ഉടൻ നികത്തിയില്ലേൽ വലിയ അപകട സാധ്യതയാണ് നിലനിൽക്കുന്നത്. മണ്ണിട്ട് നികത്തിയാൽ അത് മഴയിൽ ഒലിച്ചു പോകാനുളള സാധ്യതയുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മണാശേരി സ്വകാര്യ ആശുപത്രിയിലേക്കും മറ്റും രാപകലില്ലാതെ ആംബുലൻസുകൾ ഇതുവഴിയാണ് ഓടുന്നത്. അഗസ്ത്യൻമുഴിയിലെ രൂക്ഷമായ ഗതാഗത കുരുക്കിൽപ്പെടാതെ വാഹനങ്ങൾക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകാനുള്ള എളുപ്പ മാർഗമെന്ന നിലയിലാണ് ഈ ബൈപാസ് ഉപയോഗിക്കുന്നത്.
നേരത്തേ, വീതി കുറഞ്ഞ ഈ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ വീതി കൂട്ടി നവീകരണം പൂർത്തിയാക്കുന്നതിനിടെയുണ്ടായ കാലതാമസം വലിയ വിവാദത്തിനിടയാക്കിയിരുന്നു.
കുടിവെളള പൈപ്പിന്റെ ജോലി പൂർത്തീകരിക്കാത്തതിനാൽ ചിലയിടങ്ങളിൽ ടാറിംഗ് പ്രവൃത്തി പൂർത്തിയായിട്ടുമില്ല. ഈ ബൈപാസിന്റെ പണി ഉടൻ പൂർത്തിയാക്കി ഗതാഗത സംവിധാനം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Kozhikode