പ്രതീകാത്മക ചിത്രം
നെന്മാറ: ദീർഘനാളായി നിലച്ചുകിടക്കുന്ന നെന്മാറ- ഒലിപ്പാറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഈയാഴ്ച പുനരാരംഭിക്കാൻ ധാരണയായി.
നിലവിലെ കരാറുകാരനെ ഒഴിവാക്കുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചതോടെയാണ് നിർമാണം വീണ്ടും സജീവമാകുന്നത്. പുതുക്കിയ പ്രവർത്തനക്രമം അനുസരിച്ച് ഒക്ടോബർ അവസാനത്തോടെ റോഡുനവീകരണം പൂർത്തിയാക്കുമെന്ന ഉറപ്പാണ് വകുപ്പ് നൽകുന്നത്. 16.5 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നെന്മാറ മുതൽ ഒലിപ്പാറ വരെയുള്ള റോഡിൽ തിരുവഴിയാട് വരെയുള്ള ഭാഗത്ത് മാത്രമാണ് ആദ്യഘട്ട നിർമാണം പൂർത്തിയായിട്ടുള്ളത്.
എന്നാൽ ഈ ഭാഗത്തുപോലും അവസാനഘട്ട ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഇനി ബാക്കിയുണ്ട്. തിരുവഴിയാട് മുതൽ ഒലിപ്പാറ വരെയുള്ള ഭാഗത്ത് കാര്യമായ നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിക്കാനായിട്ടില്ല.
പുതിയ വർക്ക് ഷെഡ്യൂൾ പ്രകാരം ജൂലൈ അവസാനത്തോടെ നിർമാണം പുനരാരംഭിച്ച് ഒക്ടോബർ അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാമെന്നാണ് ഉറപ്പുനൽകിയിരിക്കുന്നത്. വർഷങ്ങളായി തകർന്ന റോഡിലൂടെ ദുരിതയാത്ര നടത്തുന്ന കയറാടി, അടിപ്പെരണ്ട, ഒലിപ്പാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നൂറുകണക്കിനു യാത്രക്കാർ മഴക്കാലമായതോടെ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്.