പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച മൈക്രോ റെയിൻ റഡാർ.
പത്തനംതിട്ട: കാലാവസ്ഥാ വ്യതിയാനങ്ങളും പ്രളയസാധ്യതകളും മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി പത്തനംതിട്ടയില്‍ അത്യാധുനിക അന്തരീക്ഷ നിരീക്ഷണ ഗവേഷണകേന്ദ്രം ഒരുങ്ങുന്നു. കാതോലിക്കേറ്റ് കോളജ് കാമ്പസില്‍ സ്ഥാപിക്കുന്ന സെന്റ് ബേസില്‍ ഹില്‍സ് അറ്റ്മോസ്ഫെറിക് റിസർച്ച് ഒബ്സര്വേറ്ററിയാണ് ഉദ്ഘാടനത്തിനു സജ്ജമായത്.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസും (എന്‍സിഇഎസ്എസ്) കാതോലിക്കേറ്റ് കോളജും തമ്മിലുള്ള ശാസ്ത്രീയ സഹകരണത്തിന്റെ ഭാഗമായാണ് നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കാതോലിക്കേറ്റ് കോളജ് മാനേജ്മെന്റ് ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മിഷന് മൗസം പദ്ധതിയുടെ ഭാഗമായി 1.60 കോടി രൂപയുടെ ധനസഹായത്തോടെയാണ് എന്‍സിഇഎസ്എസ് നിരീക്ഷണകേന്ദ്രം സജ്ജമാക്കുന്നത്.
പ്രാദേശിക അന്തരീക്ഷ-കാലാവസ്ഥാ പ്രതിഭാസങ്ങള്‍ ശാസ്ത്രീയമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നതിനൊപ്പം കാലാവസ്ഥാ മാറ്റങ്ങളുടെ പ്രാദേശിക പ്രത്യാഘാതങ്ങള്‍ മനസിലാക്കുന്നതിനും കേന്ദ്രം സഹായകമാകും. എന്‍സിഇഎസ്എസ് അറ്റ്മോസ്ഫെറിക് സയന്‍സ് ഗ്രൂപ്പ് മേധാവി ഡോ. ഇ.എ. രശ്മിയും കാതോലിക്കേറ്റ് കോളജ് ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ജോര്‍ജ് തോമസും പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
അന്തരീക്ഷ ശാസ്ത്രത്തോടുള്ള താല്പര്യം വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും വളര്‍ത്തുന്നതിനും ഗവേഷണകേന്ദ്രം നിര്‍ണായക പങ്കുവഹിക്കുമെന്ന് കോളജ് പ്രിന്‍സിപ്പൽ ഡോ. റെന്നി പി. വര്‍ഗീസും ബര്‍സാര്‍ ഡോ. ബിനോയ് ടി. തോമസും അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Research centre