ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിയമസഭ തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതല നിര്‍വഹിച്ച എസ്എസ്ബി സേനാംഗങ്ങള്‍ക്കൊപ്പം.
കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇവിഎം സ്ട്രോംഗ് റൂമുകളുടെ സുരക്ഷ ചുമതല നിര്‍വഹിച്ച സശാസ്ത്ര സീമാബല്‍ (എസ്എസ്ബി) സേനാംഗങ്ങളെ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പ്രശംസാപത്രം നല്കി ആദരിച്ചു.
കാസര്‍ഗോഡ് ഗവ. കോളജില്‍ നടന്ന ചടങ്ങില്‍ 86 സേനാംഗങ്ങള്‍ക്ക് കളക്ടര്‍ ജില്ലാ ഭരണസംവിധാനത്തിന്റെ ആദരം അറിയിച്ചു. അസി. കമാന്‍ഡന്റ് മോഹിത് ഭാര്‍ഗവ്, സബ് ഇന്‍സ്പെക്ടര്‍മാരായ ബിഷന്‍ദാസ്, സഞ്ജയ് കുമാര്‍, കോണ്‍സ്റ്റബിള്‍ ബി. ഷാനു എന്നിവരുടെ നേതൃത്വത്തിലാണ് സേനാംഗങ്ങള്‍ സുരക്ഷയൊരുക്കിയത്.
ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍. ഗോപകുമാര്‍, കളക്ടറേറ്റ് ഇലക്ഷന് വിഭാഗം ജൂണിയര്‍ സൂപ്രണ്ട് എ. രാജീവന് എന്നിവര്‍ പ്രസംഗിച്ചു. സേനാംഗങ്ങള്‍ തിരികെ ബിഹാറിലേക്കാണ് പോകുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട നിയമപരിപാലനം, പോളിംഗ് കൗണ്ടിംഗ് സ്റ്റേഷനുകളുടെ സുരക്ഷാക്രമീകരണങ്ങള്‍, തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തില്‍ സുരക്ഷാ അകമ്പടി സേവിക്കല്‍ എന്നിങ്ങനെ തെരഞ്ഞെടുപ്പ് നടപടിഭാഗമായി വിവിധ സേവനങ്ങളാണ് സുരക്ഷാസേന നിര്‍വഹിച്ചത്.
ജില്ലയില്‍ ലഭിച്ച മികച്ച സഹകരണത്തിന് ജില്ലാഭരണസംവിധാനത്തിനും ജില്ലാ പോലീസിനും കേന്ദ്രസേനാംഗങ്ങള്‍ നന്ദി അറിയിച്ചു.
Tags : Respect to the armed nattuvishesham local news