കൊട്ടിയൂർ–വയനാട് ചുരം രഹിത ബദൽ പാത സംബന്ധിച്ച് കേളകം പ്രസ് ഫോറം മീഡിയ സെന്ററിൽ ചേർന്ന അവലോകന യോഗം
കേളകം: കൊട്ടിയൂർ വഴി വയനാട്ടിലേക്ക് ചുരംരഹിത ബദൽ പാത യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേളകം പ്രസ് ഫോറം മീഡിയ സെന്ററിൽ ജനപ്രതിനിധികളുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും അവലോകന യോഗം ചേർന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു.
താമരശേരി ചുരം, പാൽച്ചുരം-ബോയ്സ് ടൗൺ, നെടുംപൊയിൽ-പേര്യ ചുരം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലത്ത് മണ്ണിടിച്ചിലും മറ്റും മൂലം റോഡ് അടച്ചിടുന്ന സാഹചര്യവും കണക്കിലെടുത്ത് കണ്ണൂർ,വയനാട് ജില്ലകളെയും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാത എന്ന നിലയിൽ 44-ാം മൈൽ റോഡിന്റെ ആവശ്യകത ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് യോഗത്തിന്റെ ലക്ഷ്യം.
മലയോര മേഖലയിലെ വികസനത്തിന് കൂടുതൽ സാധ്യതയൊരുക്കുന്നതിനും കൊട്ടിയൂർ–44-ാം മൈൽ–തലപ്പുഴ വഴി വയനാട്ടിലേക്ക് നിർദേശിക്കുന്ന ചുരംരഹിത ബദൽ പാത അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
നിർദിഷ്ട പാതയുടെ ആവശ്യകത ഉന്നയിച്ച് പ്രദേശത്തെ വിവിധ ത്രിതല പഞ്ചായത്തുകൾ മെമ്മോറാണ്ടം പാസാക്കുന്നതിനും ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. പാതയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി മാനന്തവാടി എംഎൽഎ ഉഷ വിജയനെയും പേരാവൂർ എംഎൽഎയും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫിനെയും നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കാനും തീരുമാനമായി. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫിനെയും തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജുവിനെയും ചുമതലപ്പെടുത്തി.
കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യാ പോൾ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജൈഷ ബിജു, ജോണി പാമ്പാടി, കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ എന്നിവർ പ്രസംഗിച്ചു.
മലയോര ജനകീയ വികസന സമിതി ഭാരവാഹികളായ പി. തങ്കപ്പൻ, ജോർജ്കുട്ടി വാളുവെട്ടിക്കൽ, ബിജു ഓളാട്ടുപുറം, വ്യാപാരി സംഘടനാ നേതാക്കളായ സ്റ്റാനിസ്ലാവോസ് തട്ടാപറമ്പിൽ, എം.എസ്. തങ്കച്ചൻ, കെ.പി. ഷാജി, പ്രസ് ഫോറം ഭാരവാഹികളായ എം.ജെ. റോബിൻ, ജോയ് ജോസഫ്, കെ.എം. അബ്ദുൾ അസീസ്, വിപിൻ ജോസഫ്, ഷെറിൻ ഫിലിപ്പ്, സജീവ് നായർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Tags : Nattuvishesham Local News