ഇരിങ്ങാലക്കുട രൂപത 17ാമത് പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നിര്‍മിതബുദ്ധി സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉപകരിക്കുന്നതാകണമെന്നും ഇതിന്റെ ദുരുപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഭരണാധികാരികളും സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍. ഐയുടെ അനിയന്ത്രിതമായ വിനിയോഗം വ്യക്തികളിലും ജനവിഭാഗങ്ങളിലും ഹാനികരമായ പ്രവണതകള്‍ക്കു വഴിവച്ചേക്കാമെന്നും സമ്മേളനം മുന്നറിയിപ്പു നല്കി.
ലെയോ 14 ാം പാപ്പയുടെ പ്രഥമ ചാക്രികലേഖനം ആസ്പദമാക്കി "എഐ യുഗവും മനുഷ്യമഹത്വവും' എന്ന വിഷയത്തില്‍ രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം എഐ സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള് ചര്‍ച്ച ചെയ്തു. യുദ്ധത്തിനും വ്യക്തിഹത്യയ്ക്കും ആത്മഹത്യയ്ക്കും സ്ത്രീപീഡനങ്ങള്‍ക്കും മറ്റും നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ചാക്രിക ലേഖനത്തിന്റെ ചുവടുപിടിച്ചു നടന്ന സമ്മേളനം. നിര്‍മിതബുദ്ധി മനുഷ്യരാശിക്ക് അനുഗ്രഹമാണെന്നും എന്നാല്‍ അതിന്റെ ദുരുപയോഗം ദൂരവ്യാപകമായ ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ 17 ാം പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ മഹത്വം ഉന്നതമാണെന്നും സാങ്കേതികവിദ്യകള്‍ മനുഷ്യനുവേണ്ടിയാണെന്നും മറക്കരുത്. അവ മനുഷ്യനെ അടിമയാക്കരുത്. നിര്‍മിത ബുദ്ധിയെ മനുഷ്യന് നിയന്ത്രിക്കണമെന്നും സമസ്തജനങ്ങളുടെയും നന്മയ്ക്കുവേണ്ടി പ്രയോജനപ്പെടുത്തണമെന്നും ബിഷപ് പറഞ്ഞു.
സിബിസിഐ ഡോക്ട്രിനല്‍ കമ്മീഷന് സെക്രട്ടറി ഫാ. ഡോ. തോമസ് വടക്കേല്‍ വിഷയാവതരണം നടത്തി. സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ അടിത്തറ മനുഷ്യമഹത്വം ആസ്പദമാക്കിയുള്ളതാണ്. വിവിധ കാലയളവുകളില്‍ സാമൂഹിക പ്രശ്നങ്ങളെയും വിഷയങ്ങളെയുംപറ്റി സഭ പ്രതികരിച്ചിട്ടുള്ളത് ഈ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്. നിര്‍മിത ബുദ്ധി മനുഷ്യന്റെ അന്തസ് നിലനിര്‍ത്താനും കൂടുതല്‍ മെച്ചപ്പെട്ട മാനവികതയുടെ പുതിയ സംസ്കാരം രൂപപ്പെടുത്താനും ഉപകരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഫാ. ഡോ. ലിന്റോ കുറ്റിക്കാടൻ, സിസ്റ്റര്‍ ഡോ. ഇസബെല്‍, കെ.ജെ. ജെറിൻ, ഡിംബിള്‍ റിഷന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി ആന്ലിന് ഫ്രാന്‍സിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച രൂപതാംഗങ്ങളെ ആദരിച്ചു. വികാരി ജനറാള്‍ മോൺ. ആന്റു ആലപ്പാടന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഫാ. ഡോ. റിജോയ് പഴയാറ്റില്‍ നന്ദിയും പറഞ്ഞു.
Tags : Nattuvishesham Local News Creative intelligence Mar Kannukkadan