ജൂലിയസ് സീസർ നാടകത്തിന്റെ റിഹേഴ്സലിൽനിന്ന്.
തൃശൂർ: കേരളത്തിന്റെ നാടകലോകത്ത് അപൂർവമായിമാത്രം അവതരിപ്പിക്കപ്പെട്ട വില്യം ഷേക്സ്പിയറിന്റെ പ്രശസ്തമായ ദുരന്തനാടകം "ജൂലിയസ് സീസർ' ഒരുകൂട്ടം നാടകപഠിതാക്കളുടെ കൂട്ടായ പ്രയത്നത്തിലൂടെ തൃശൂരിൽ ഇന്ന് അരങ്ങത്തേക്ക്. തൃശൂർ രംഗചേതനയുടെ സണ്ഡേ തിയറ്റർ സൗജന്യ നാടകപരിശീലനക്കളരിയുടെ 19-ാമതു ബാച്ചിന്റെ ആദ്യ പ്രൊഡക്്ഷനായി വൈകീട്ട് ആറിനു കേരള സംഗീതനാടക അക്കാദമി ബ്ലാക്ക് ബോക്സിലാണ് അവതരണം. വിദ്യാർഥികൾ, വീട്ടമ്മമാർ, അധ്യാപികമാർ, സിനിമാപ്രവർത്തകർ തുടങ്ങി വിവിധ ജോലികളിൽനിന്നു വിരമിച്ചവരടക്കമുള്ള 32 പേർ വിവിധ വേഷങ്ങളിൽ രംഗത്തെത്തും. 25 മുതൽ 65 വയസുവരെയുള്ളവർ അഭിനയിക്കുന്നു. ഇരുന്നൂറിലധികം നാടകങ്ങൾ സം വിധാനം ചെയ്യുകയും നാടകരംഗത്ത് 37 വർഷത്തിലധികം പ്രവർത്തനപാരന്പര്യവുമുള്ള കെ.വി. ഗണേഷാണു സംവിധാനം.
നാടകം പഠിക്കാൻ ഞായറാഴ്ചകളിൽമാത്രം ഒത്തുചേർന്ന് തിയറിയും പ്രായോഗിക പരിശീലനവുമായി മുന്നോട്ടുപോയവരെ അണിനിരത്തിയാണു രണ്ടരമണിക്കൂർ ദൈർഘ്യമുള്ള എക്കാലത്തെയും സൂപ്പർഹിറ്റ് നാടകമായ ജൂലിയസ് സീസർ അവതരിപ്പിക്കുന്നത്. ഞായറാഴ്ചകളിൽ ഉച്ചയ്ക്കുശേഷം രണ്ടുമുതൽ രാത്രി ഏഴുവരെയായിരുന്നു പരിശീലനം. പത്തു ഞായറാഴ്ചകളിലെ പരിശീലനത്തിലൂടെയാണു ജൂലിയസ് സീസർ അരങ്ങത്തെത്തുന്നത്. അഭിനയിക്കുന്നവരുടെ സഹായസഹകരണത്തോടെ ഏറ്റവും ചെലവുകുറഞ്ഞ രീതിയിലാണു നാടകം അവതരിപ്പിക്കുന്നത്.
നാടകപ്രവർത്തകനായ ഇ.ടി. വർഗീസ് 1980ൽ ചേറൂരിൽ സ്ഥാപിച്ച ജനകീയ നാടകപ്രസ്ഥാനമാണു രംഗചേതന. ഈ കൂട്ടായ്മ ആയിരക്കണക്കിനു നാടകാവതരണങ്ങൾ നടത്തിയിട്ടുണ്ട്.
നവാസ് ബാബുവാണു ജൂലിയസ് സീസറായി വേഷമിടുന്നത്. ബ്രൂട്ടസായി സന്തോഷ് പ്രഭാകരനും മാർക്ക് ആന്റണിയായി ശരത്തും രംഗത്തെത്തും. കെ.എസ്. സുരേഷ്കുമാർ- കാഷ്യസ്, ബാബുരാജ്- കാസ്ക എന്നീ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു. മുരളി തയ്യിൽ ലൈറ്റും ഫേവർ ഫ്രാൻസിസ് സെറ്റ് ഡിസൈനും നിർവഹിച്ചിരിക്കുന്നു.
പ്രോപ്പർട്ടി - ജയൻ, വി.ബി. മധു, കോസ്റ്റ്യൂം - സോണ ഷിന്റോ, ലിസി ടീച്ചർ, മ്യൂസിക് - ടി.എ. അഞ്ജിത, ക്രിയേറ്റീവ് സപ്പോർട്ട് - പ്രഫ. പി.എൻ. പ്രകാശ്, ഫ്രാൻസിസ് ചിറയത്ത്.
Tags : Nattuvishesham Local News Julius Caesar theatre students