കുറുമാലിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ രണ്ടാം സൗജന്യ ഡയാലിസിസ് യൂണിറ്റി ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിക്കുന്നു.
കുറുമാൽ: കേരളത്തിന്റെ ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടുത്താൻ ഉദാരമതികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണം അനിവാര്യമാണെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ. മുരളീധരൻ. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ കുറുമാലിൽ ആരംഭിച്ച രണ്ടാമത് സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അവയവദാനം കച്ചവടമാകുന്നതാണ് പ്രധാന വെല്ലുവിളി. നിയമങ്ങൾ കർശനമാക്കിയതോടെ അവയവങ്ങൾ ലഭിക്കുന്നതിനു വലിയ ബുദ്ധിമുട്ടുണ്ട്. രോഗിയുടെ അവസ്ഥയനുസരിച്ച് അവയവദാനനിയമങ്ങൾ ഉദാരമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മരണാനന്തര അവയവദാനത്തെ സർക്കാർ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ചിലർ മതങ്ങളെ കൂട്ടുപിടിച്ചു നടത്തിയ തെറ്റായ പ്രചാരണം അവയവദാനത്തിനു വിഘാതമായിമാറുന്നെന്നും മന്ത്രി പറഞ്ഞു.
ഫാ. ഡേവിസ് ചിറമേലിന്റെ കിഡ്നിദാനത്തിൽനിന്നു തുടക്കമിട്ട ചാരിറ്റബിൾ പ്രസ്ഥാനത്തിന്റെ ഒന്നാംനിലയിലാണു പുതിയ പദ്ധതികൾ സജ്ജീകരിച്ചത്. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സിഎസ്ആർ സഹായത്തോടെ സ്ഥാപിച്ച പത്തു മെഷീനുകൾ അടങ്ങുന്ന ഡയാലിസിസ് യൂണിറ്റ്, ഫിസിയോ ടുഡേ യുകെ സജ്ജമാക്കിയ സൗജന്യ ഫിസിയോതെറാപ്പികേന്ദ്രം, മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ പൂർത്തിയാക്കിയ ഓപ്പണ് ജിം, വിശാലമായ കിഡ്നി ഗ്രീൻപാർക്ക് എന്നിവയാണ് മന്ത്രി ഉദ് ഘാ ടനം ചെയ്തത്.
എ.സി. മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ, കൈപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ, ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ്, അമല ഹോസ്പിറ്റൽ അസി. ഡയറക്ടർ ഫാ. ജെയ്സണ് മുണ്ടംമാണി, ഫാ. ജോണ് പടിഞ്ഞാക്കര, ഫാ. ഡോ. സേവ്യാർ ക്രിസ്റ്റി, ജി. മോഹനചന്ദ്രൻ, ബി.എം. ജെയിംസ്, സാൻജോ നന്പാടൻ, പ്രിൻസ് തോമസ്, പി.പി. യേശുദാസ്, വർഗീസ് തരകൻ, ജില്ലാ പഞ്ചായത്ത് മെന്പർ ലീലാ രാമകൃഷ്ണൻ, വിവിധ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കിഡ്നി ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ പങ്കെടുത്തു.
Tags : Nattuvishesham Local News Organ donation laws liberalized