കൊച്ചി: വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി നല്കുന്നതില് നഗരസഭകള്‍ വിമുഖത പ്രകടിപ്പിക്കുന്നതായി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം. ദിലീപ്. വിവരം നല്കുന്നതില് വീഴ്ച വരുത്തിയ കൊച്ചി കോര്പറേഷന്, കളമശേരി, അങ്കമാലി, മൂവാറ്റുപുഴ നഗരസഭകള്‍ എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസര്‍മാരില്‍ നിന്ന് പിഴ ഈടാക്കുമെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല വിവരാവകാശ അദാലത്തില്‍ അദ്ദേഹം വ്യക്തമാക്കി.
മറുപടി നല്കാന് കാലതാമസം വരുത്തി, തെറ്റായ വിവരങ്ങള്‍ നല്കി തുടങ്ങിയ പരാതികളിലാണ് നടപടി. ഓഫീസിലുള്ള രേഖകള്‍ പട്ടിക തിരിച്ച് സൂചിക തയാറാക്കി സൂക്ഷിക്കേണ്ട ബാധ്യത ഓഫീസര്‍മാര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടികളെടുക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. അദാലത്തില്‍ 36 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 34 എണ്ണം തീര്‍പ്പാക്കി, രണ്ടു പരാതികള്‍ മാറ്റിവച്ചു. തദ്ദേശ സ്വയംഭരണം, മോട്ടോര്‍ വാഹന വകുപ്പ്, റവന്യൂ, ദേവസ്വം, തുറമുഖം, പോലീസ്, ജിഎസ്ടി, ലോട്ടറി എന്നീ വകുപ്പുമായി ബന്ധപ്പെട്ടായിരുന്നു കൂടുതല്‍ പരാതികള്‍.
Tags : Right to Information elay in reply