കുടുംബത്തിന്റെ ദൈനംദിന യാത്രാചെലവിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ യാത്രക്കാർ.
കണ്ണൂർ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിൽ സൗജന്യയാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്ക് ജില്ലയിൽ ഉജ്വല തുടക്കം. സംസ്ഥാനത്ത് ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര അനുവദിച്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഡിപ്പോയിൽ ടി.ഒ. മോഹനൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.
മധുരം വിളമ്പി യാത്രക്കാരും യുഡിഎഫ് പ്രവർത്തകരും ആദ്യയാത്രയെ വരവേറ്റു. ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് യാത്രക്കാരിൽനിന്ന് ലഭിച്ചത്. രാവിലെ മുതൽ വിവിധ ഡിപ്പോകളിൽനിന്നുള്ള സർവീസുകളിൽ സ്ത്രീകളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.
സീറോ ടിക്കറ്റ് സംവിധാനത്തിലൂടെ സൗജന്യയാത്ര അനുവദിച്ചത് ജോലി, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങൾക്ക് ദിനംപ്രതി യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമായി. കുടുംബത്തിന്റെ ദൈനംദിന യാത്രാചെലവിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ യാത്രക്കാർ.
കണ്ണൂർ ഡിപ്പോയിൽനിന്ന് 75 സർവീസുകളിലാണ് പദ്ധതിയുടെ സേവനം ലഭ്യമാകുക. കണ്ണൂരിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ കോർപറേഷൻ വികസന സ്ഥിരം സമിതി ചെയർപേഴ്സൺ ലിഷ ദീപക് അധ്യക്ഷത വഹിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി സണ്ണി ജോസഫിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു. കോർപറേഷനിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ, പി. ഷമീമ, മുൻ മേയർ മുസ്ലിഹ് മഠത്തിൽ, മുൻ ഡെപ്യൂട്ടി മേയർ ഷബീന, ട്രാൻസ്ജൻഡർ വിഭാഗത്തെ പ്രതിനിധീകരിച്ച് സോന, രാഷ്ട്രീയപാർട്ടികളെ പ്രതിനിധീകരിച്ച് റഷീദ് കവ്വായി, എം.പി. മുഹമ്മദലി, സി.പി. അജീർ, കെ.വി. സലീം (വ്യാപാരി വ്യവസായി ഏകോപന സമിതി), കെഎസ്ആർടിസി ഡിപ്പോ എൻജിനിയർ അനീഷ്, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ എം.പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു.

സ്ത്രീകൾക്ക് മുൻഗണന നൽകുന്ന സർക്കാരിന്റെ പ്രിയദർശിനി പദ്ധതി സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമാണ്. കോളജ് വിദ്യാർഥികൾക്കും ജോലിക്ക് പോകുന്ന സ്ത്രീകൾക്കും ഏറെ ആശ്വാസകരം.
-പുഷ്പ വിൽസൺ- (യാത്രക്കാരി)
സർക്കാർ സ്ത്രീകൾക്ക് മുൻഗണന നൽകി നടപ്പിലാക്കിയ കെഎസ്ആർടിസി സൗജന്യയാത്ര സ്ത്രീകൾക്ക് ഏറെ പ്രയോജനകരമാണ്. വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പദ്ധതിയെ നോക്കി കാണുന്നത്.
പി. വിദ്യ (യാത്രക്കാരി)
സർക്കാരിന്റെ പ്രിയദർശിനി പദ്ധതി സ്ത്രീകൾക്ക് വളരെ സഹായകരമാണ്. തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര നടപ്പാക്കിയതോടെ വരുമാനത്തിൽ മിച്ചം പിടിക്കാൻ കഴിയും.
-കെ. ജലജ- (യാത്രക്കാരി)
20 വർഷമായി കെഎസ്ആർടിസി സ്ഥിരം യാത്രക്കാരിയായ എനിക്ക് പ്രിയദർശിനി പദ്ധതി വളരെ ആശ്വാസകരമാണ്. പരിയാരം മെഡിക്കൽ കോളജിലെ റിസപ്ഷനിസ്റ്റായ ഞാൻ ദിവസേന യാത്രക്കായി കെഎസ്ആർടിസി ബസിനെയാണ് ആശ്രയിക്കുന്നത്. കണ്ണൂരിൽനിന്ന് പരിയാരത്തേക്ക് ഒരു ദിവസം 130 രൂപയാണ് ടിക്കറ്റ്. ഇനി മുതൽ ആ പണം മിച്ചം പിടിക്കാമെന്ന സന്തോഷത്തിലാണ്.
-സനില കൃഷ്ണകുമാർ- (യാത്രക്കാരി)
സർക്കാരിന്റെ പ്രിയദർശിനി പദ്ധതി സ്ത്രീകൾക്ക് നല്ല രീതിയിൽ ഉപകാരപ്രദമാകും. ആളുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന വിധത്തിലാണ് സർക്കാർ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നിലവിൽ കണ്ണൂർ ഡിപ്പോയിലെ 100 സർവീസുകളിൽനിന്ന് 75 സർവീസുകളിലാണ് പ്രിയദർശിനി പദ്ധതിയുടെ സേവനം ലഭ്യമാകുക. സ്ത്രീകളെ സംബന്ധിച്ച് വലിയൊരു നേട്ടമായി ഇതിനെ കണക്കാക്കാൻ സാധിക്കും.
-എം.പി. സന്തോഷ്കുമാർ- ( ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ, കെഎസ്ആർടിസി)
വനിത കണ്ടക്ടർ എന്ന നിലയിലും സ്ത്രീയെന്ന നിലയിലും സർക്കാരിന്റെ പദ്ധതി സ്ത്രീകൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ്. തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന നിരവധി സ്ത്രീകൾക്ക് ഈ പദ്ധതിയിലൂടെ ആശ്വാസം ലഭിക്കും. മിക്ക സ്ത്രീകൾക്കും വരുമാനത്തിന്റെ പകുതിഭാഗവും യാത്രാചെലവിന് വിനിയോഗിക്കേണ്ടി വരാറുണ്ട്. തുച്ഛമായ വരുമാനത്തിൽ നിന്ന് തുക മിച്ചം പിടിക്കാൻ പാടാണ്. അതുകാണ്ട് സർക്കാരിന്റെ ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് വരുമാനം മിച്ചംപിടിക്കാനുള്ള അവസരം ലഭിക്കും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾക്ക് ഇതൊരു മികച്ച പദ്ധതിയാണ്.
പി.വി. സപ്ന ( ഇരിട്ടി-മുടക്കോഴി റൂട്ടിലെ കണ്ടക്ടർ)
വളരെയധികം പ്രതീക്ഷയോടെയാണ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയെ കാണുന്നത്. സ്ത്രീകളുടെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാൻ സഹായകമായ തരത്തിലാണ് സർക്കാർ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നു. പദ്ധതിയുടെ മുന്നേറ്റതിനായി എല്ലാവിധ പിന്തുണയും നൽകും.
-കെ.ആർ. തൻസീർ- ( കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർ)
സർക്കാരിന്റെ പ്രിയദർശിനി പദ്ധതി സ്വാഗതാർഹമാണ്. കെഎസ്ആർടിസി സർവീസുകളുടെ എണ്ണം വർധിപ്പിച്ചാൽ കൂടുതൽ ആളുകളിലേക്ക് സേവനം എത്താൻ സാധിക്കും. നിലവിൽ ഗ്രാമപ്രദേശങ്ങളിൽ കെഎസ്ആർടിസി സർവീസ് കുറവാണ്. അതിനാൽ എല്ലാ സ്ത്രീകൾക്കും പ്രിയദർശിനി പദ്ധതിയുടെ സേവനം ലഭ്യമാകാൻ സാധ്യത കുറവാണ്.
-കെ.പി. സസ്ന- (യാത്രക്കാരി)