തരുവണ-പാലിയാണ-കക്കടവ് റോഡിന്റെ നിർമാണം വൈകുന്നതിനെത്തുടർന്ന് ഗതാഗതം താറുമാറായ നിലയിൽ.
പടിഞ്ഞാറത്തറ: തരുവണ-പാലിയാണ-കക്കടവ് റോഡിൽ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ അനുവദിക്കപ്പെട്ട മൂന്നു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളിൽ വന്നിട്ടുള്ള അമാന്തം ജനജീവിതം ദുരിതപൂർണമാക്കുന്നതായി പാലിയാണ പൗരസമിതി ആരോപിച്ചു.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് മാസങ്ങൾ കഴിഞ്ഞ് ആരംഭിച്ച പണികൾ രണ്ടു പൈപ്പ് കലുങ്കുകളും ഒരു കോണ്ക്രീറ്റ് കലുങ്കുമടക്കം പൂർത്തീകരിക്കുകയും ചില സ്ഥലങ്ങളിൽ കോണ്ക്രീറ്റ് ചാലുകൾ നിർമിക്കുകയും പാർശ്വഭിത്തികൾ കെട്ടുകയും ചെയ്തെങ്കിലും മഴപെയ്താൽ റോഡിൽ വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. നിലവിലുള്ള റോഡിൽ വീതി കൂട്ടുന്നതിനായി ഉറപ്പിച്ച മെറ്റൽ വെള്ളം കുത്തിയൊലിച്ച് ഇളകിക്കിടക്കുയാണ്.
ഒരു കെഎസ്ആർടിസി ബസും രണ്ട് സ്വകാര്യ ബസുകളുമടക്കം നൂറുകണക്കിന് വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന റോഡിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായും അല്ലാതെയും വന്നിട്ടുള്ള തകർച്ച മൂലം ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. പടിഞ്ഞാറത്തറ പിഡബ്ല്യുഡി സെക്ഷനു കീഴിലാണ് പ്രവൃത്തികൾ നടക്കുന്നത്.
പൊതുജനങ്ങൾ ഒത്തുകൂടുന്ന കുന്നുമ്മൽ അങ്ങാടിയിൽ റോഡിന്റെ ശോചനീയമാണ്. താറുമാറായ റോഡിലൂടെയുള്ള യാത്രകാരണം ബസുകളും മറ്റുവാഹനങ്ങളും അറ്റകുറ്റപ്പണികൾക്കായി യാത്ര മുടക്കേണ്ട സാഹചര്യവും സൃഷ്ടിക്കുന്നു. എത്രയും വേഗം റോഡ് നവീകരണം പൂർത്തിയാക്കാൻ അധികൃതരുടെ ഇടപെടലുകൾ ഉണ്ടാകണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
Tags :