Rubber milk was stolen.
അഞ്ചല്‍ : അഞ്ചല്‍ പൊടിയാട്ടുവിള പുന്നക്കാട് റബര്‍ എസ്റ്റേറ്റില്‍ അഞ്ചു വീപ്പകളിലായി സൂക്ഷിച്ചിരുന്ന റബര്‍ പാല് മോഷണം പോയി.റബര്‍ ബോര്‍ഡിന്റെ ചടയമംഗലത്ത് സ്ഥാപനത്തിന്റെ പേരിലുള്ള മൂന്നു വീപ്പകളിലും സ്വകാര്യ ഏജന്‍സിയുടെ പേരിലുള്ള രണ്ട് വീപ്പകളിലുമായി സൂക്ഷിച്ചിരുന്ന 1400 ലിറ്ററില്‍ അധികം വരുന്ന റബര്‍ പാലാണ് മോഷണം പോയതെന്നും രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി എസ്റ്റേറ്റ് ഉടമ പറഞ്ഞു. ഷെഡില്‍ സൂക്ഷിച്ചിരുന്ന 100 കിലോയോളം ഒട്ടുകറയും മോഷ്ടിച്ചു.
കഴിഞ്ഞദിവസം രാവിലെ റബര്‍ ടാപ്പിംഗിനായി തൊഴിലാളി എത്തി റബര്‍ വെട്ടി പാലൊഴിച്ചു. റബര്‍ ബോര്‍ഡിന്റെ വാഹനം പാൽ നിറച്ച വീപ്പകള്‍ എടുക്കാനായി സ്ഥലത്തെത്തിയപ്പോഴാണ് പാല് നിറച്ചു വച്ചിരുന്ന റബര്‍ ബോര്‍ഡിന്റെ മൂന്നും ഇന്ത്യന്‍ ലാറ്റക്സ് കമ്പനിയുടെ രണ്ടും വീപ്പകള്‍ കാണാനില്ലന്നു കണ്ടെത്തിയത്. ഇതോടെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അഞ്ചു വീപ്പകളും വാഹനത്തിലാണ് കടത്തിയതെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
Tags : NattuVishasham DistrictNews