ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്കുന്നു.
ഭരണങ്ങാനം: സഹനം വഴി നിലത്തു വീണഴിഞ്ഞ്, കണ്ണുകള് ഉയര്ത്തി ദൈവത്തെ നോക്കാന് നമ്മെ പഠിപ്പിക്കുന്ന വിശുദ്ധയും സുവിശേഷത്തിന്റെ കാതല് തിരിച്ചറിഞ്ഞ് അനേകായിരങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന നല്ല ഗുരുഭൂതയുമാണ് അല്ഫോന്സാമ്മയെന്നും ബിഷപ് മാര് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വിശുദ്ധ അല്ഫോന്സാമ്മയുടെ പ്രധാന തിരുനാള് ദിനമായ ഇന്നലെ തീര്ഥാടന ദേവാലയത്തില് വിശുദ്ധ കുര്ബാന അര്പ്പിച്ച് സന്ദേശം നല്കുകയായിരുന്നു ബിഷപ്.
നിര്മിത ബുദ്ധിയില് വിഷാംശമുണ്ട്. അത് മാറ്റപ്പെടണമെങ്കില് സുവിശേഷം ചേര്ക്കണം. ഇന്ന് മരണത്തിന്റെ വലിയൊരു കച്ചവടവും വിശ്വാസത്തില് നിന്ന് വ്യതിചലിക്കാനുള്ള പ്രേരണയുമുണ്ട്. ദൈവത്തെ അറിയാതെ പോകുന്നത് വേദനാജനകമാണെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. വിശുദ്ധ അല്ഫോന്സായുടെ സന്നിധി, കണ്ണുകള് ഉയര്ത്തി ദൈവത്തെ നോക്കാന് നാനാ ജാതി മതസ്ഥരെ പ്രേരിപ്പിക്കുന്നു. ഗോതമ്പുമണി പോലെ നിലത്തു വീണഴിഞ്ഞ വ്യക്തിയാണ് വിശുദ്ധ അല്ഫോന്സാ.
അഭിമാന ബോധത്തോടെ വിശ്വാസത്തെ ഉള്ക്കൊള്ളാനും ഈശോയുടെ പാദാന്തികത്തിലിരുന്ന് വചനം കേള്ക്കുക എന്ന നല്ല ഭാഗം തെരഞ്ഞെടുക്കാനും തീരുമാനം എടുക്കണമെന്നും സ്വര്ഗവുമായുള്ള നമ്മുടെ ബന്ധത്തിന്റെ ഗുരുക്കന്മാരായ വിശുദ്ധരെ കൂട്ടുപിടിച്ച് ഹൃദയത്തില് ദൈവസ്നേഹം നിറയ്ക്കുകയും നന്മയുടെ പ്രവൃത്തികള് കൊണ്ട് ജീവിതം നിറച്ച് ദൈവാനുഭവം സ്വന്തമാക്കണമെന്നും ബിഷപ് ഓര്മ്മപ്പെടുത്തി. ഫാ. അഗസ്റ്റിന് കണ്ടത്തി കുടിലിൽ, ഫാ, മാത്യു വെണ്ണായിപ്പള്ളില് എന്നിവര് സഹകാര്മ്മികരായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Saint Alphonsa