ബീച്ച്
വലിയതുറ: തലസ്ഥാന നഗരിയോട് ചേര്‍ന്ന് കിടക്കുന്ന പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ശംഖുംമുഖം ബീച്ചും പരിസര പ്രദേശങ്ങളും ലഹരിമാഫിയാ സംഘങ്ങളുടെ പിടിയിലെന്ന് വ്യാപക പരാതി. സന്ധ്യ മയങ്ങിയാല്‍ ബീച്ചും പരിസരവും മദ്യപാനികളുടെയും മയക്കുമരുന്നു മാഫിയാകളുടെയും പിടിയിലാണെന്ന് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ ആരോപിക്കുന്നു. കുടുംബമായി ശംഖുംമുഖം ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പലപ്പോഴും മദ്യപാനികളില്നിന്നും മോശമായ അനുഭവമാണ് നേരിടേണ്ടി വരുന്നത്.
വൈകുന്നേരങ്ങളില്‍ ഇരുട്ട് വീഴുന്നതോടെ ശംഖുംമുഖം ബീച്ച് , പാര്‍ക്ക് , ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡ് എന്നിവിടങ്ങളിലായി തമ്പടിക്കുന്ന മദ്യപാനികള്‍ സന്ദര്‍ശകരെ ഉപദ്രവിക്കാനിടയായ സംഭവങ്ങള്‍ അടുത്തിടെ വളരെയധികം വിവാദമായിരുന്നു. പല സന്ദര്‍ഭങ്ങളിലും വലിയതുറ പോലീസ് ഈ ഭാഗത്തേയ്ക്ക് തിരിഞ്ഞുനോക്കാറില്ലെന്നാണ് സന്ദര്‍ശകര്‍ ആരോപിക്കുന്നത്. വലിയതുറ പോലീസ് സ്റ്റേഷനില്‍ നിന്നും മുന്നൂറ് മീറ്റര്‍ അകലംപോലുമില്ലാത്ത ബീച്ചും പരിസരത്തും രാത്രികാലത്ത് പലപ്പോഴും പോലീസ് പട്രോളിംഗ് പോലും നടക്കുന്നില്ലെന്ന് സമീപവാസികളും ആരോപിക്കുന്നു. ഇത് മദ്യപാനികള്‍ക്കും മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ക്കും തഴച്ചു വളരാന്‍ സാഹചര്യമൊരുക്കുന്നു.
കോടികള്‍ മുടക്കി മോടിപിടിപ്പിച്ചിട്ടും ശംഖുംമുഖത്തെത്തുന്ന സന്ദര്‍ശകരുടെ ദുരിതത്തിന് യാതൊരുവിധ കുറവുമില്ലെന്നാണ് ആക്ഷേപം. മദ്യപ സംഘങ്ങള്‍ക്ക് പുറമേ ബീച്ചിലും പരിസരത്തും അനധികൃത കച്ചവടക്കാരുടെ നുഴഞ്ഞുകയറ്റമാണ് സന്ദര്‍ശകര്‍ക്ക് തലവേദനയായി മാറിയിരിക്കുന്നത്. അവധി ദിവസങ്ങളില്‍ രാവിലെ മുതല്‍ സന്ദര്‍ശകരുടെ തിരക്കനുഭവപ്പെട്ടിരിന്നിടത്ത് ഇപ്പോള്‍ നാമമാത്രം പേര് മാത്രമാണെത്താറുളളത്. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായി നിര്‍മിച്ച ഇരിപ്പിടങ്ങളും പാര്‍ക്കും പൂര്‍ണമായി കച്ചവടക്കാര്‍ കൈയേറിയ അവസ്ഥയാണ് നിലവിലുളളത്. സന്ധ്യമയങ്ങിയാല്‍ പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യം വര്‍ധിച്ചു വരുന്നതും ഇവരെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിക്കാത്തത് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ കാരണമായി. കുടാതെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടത്ര സൗകര്യമില്ലെന്നും സന്ദര്‍ശകര്‍ക്കിടയില്‍ പരാതിയുണ്ട്.
ഘട്ടം ഘട്ടമായി നിര്‍മിച്ച കെട്ടിടങ്ങളും ഉപയോഗിക്കാതെ നാശത്തിന്റെ വക്കിലാണ്. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെങ്കിലും ഇവയൊന്നും ഫലം കണ്ടില്ല എന്നതാണ് വാസ്തവം. കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖകളില്ലാത്തതും കുട്ടികളെ ഉപയോഗിച്ച് കച്ചവടം നടത്തുന്നതും ബീച്ചിലെത്തുന്നവര്‍ക്ക് തലവേദനയായി മാറുകയാണ്.
സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും മയക്കുമരുന്ന് മാഫിയാകളുടെയും പിടിയിലായതോടെ സന്ദര്‍ശകര്‍ ശംഖുംമുഖം ബീച്ചും പരിസരവും ഉപേക്ഷിക്കുകയാണ്.
Tags : Nattuvishesham LocalNews