ഓവറോൾ ചാന്പ്യൻമാരായ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ.
സുൽത്താൻ ബത്തേരി: ഭാരതീയ വിദ്യാഭവനിൽ രണ്ടു ദിവസങ്ങളിലായി നടന്ന വയനാട് സഹോദയ ശാസ്ത്ര, ഗണിത, സാങ്കേതിക, പ്രവൃത്തിപരിചയ മേള "സാവിഷ്കാര 26’ സമാപിച്ചു. 594 പോയിന്റ് നേടി കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കി.
557 പോയിന്റുമായി മാനന്തവാടി ഹിൽബ്ലൂംസ് സ്കൂൾ രണ്ടാം സ്ഥാനവും 547 പോയിന്റുമായി സുൽത്താൻ ബത്തേരി ഭാരതീയ വിദ്യാഭവൻ കേന്ദ്രം മൂന്നാം സ്ഥാനവും നേടി.
സയൻസ് വിഭാഗത്തിൽ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളും ഐടി, ഗണിത വിഭാഗങ്ങളിൽ സുൽത്താൻ ബത്തേരി ഭാരതീയ വിദ്യാഭവനും പ്രവൃത്തിപരിചയ വിഭാഗത്തിൽ മാനന്തവാടി ഹിൽബ്ലൂംസ് സ്കൂളും സോഷ്യൽ സയൻസ് വിഭാഗത്തിൽ മീനങ്ങാടി ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളും ഓവറോൾ ചാന്പ്യൻമാരായി.
കാറ്റഗറി അടിസ്ഥാനത്തിലുള്ള മത്സരങ്ങളിൽ കാറ്റഗറി ഒന്നിൽ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ, കാറ്റഗറി രണ്ടിൽ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ, കാറ്റഗറി മൂന്നിൽ സുൽത്താൻ ബത്തേരി ഭാരതീയ വിദ്യാഭവൻ, കാറ്റഗറി നാലിൽ മാനന്തവാടി ഹിൽബ്ലൂംസ് പബ്ലിക് സ്കൂൾ എന്നിവർ ചാന്പ്യൻഷിപ്പ് നേടി.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള നൂറുകണക്കിന് വിദ്യാർഥികളാണ് വിവിധവിഭാഗങ്ങളിലെ മത്സരങ്ങളിൽ പങ്കെടുത്തത്.
സമാപന സമ്മേളനത്തിൽ വയനാട് സഹോദയ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവൻ പ്രിൻസിപ്പലും സഹോദയ വൈസ് പ്രസിഡന്റുമായ താര കൃഷ്ണൻ, മക്ലോഡ്സ് സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് സെബാസ്റ്റ്യൻ, ഐഡിയൽ സ്കൂൾ മാനേജർ സി.കെ. ഷെമീർ, ഭാരതീയ വിദ്യാഭവൻ വൈസ് പ്രിൻസിപ്പൽ രമ ഭായ്, ഹെഡ്മിസ്ട്രസ് യു.എൻ. വിധുബാല, പിടിഎ പ്രസിഡന്റ് കെ.പി. മധു, ഭാരതീയ വിദ്യാഭവൻ അധ്യാപിക വി.എ. നിഷ എന്നിവർ പ്രസംഗിച്ചു.
Tags : Savishkara 26 Concludes Savishkara NattuVishesham DistrictNews