സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവർഗ കമ്മീഷൻ കളക്ടറേറ്റിൽ നടത്തിയ അദാലത്ത്.
കൽപ്പറ്റ: സംസ്ഥാന പട്ടികജാതി, ഗോത്രവർഗ കമ്മീഷൻ ജില്ലയിൽ നടത്തിയ അദാലത്തിൽ 39 കേസുകൾ തീർപ്പാക്കി. പൊലിസ്, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ബന്ധപ്പെട്ട് കമ്മീഷൻ മുന്പാകെ ലഭിച്ചതും വിചാരണയിലുള്ളതുമായ 41 പരാതികളാണ് കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടന്റെ നേതൃത്വത്തിൽ പരിഗണിച്ചത്. കളക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്ന അദാലത്തിൽ പരാതിക്കാർ, എതിർകക്ഷികൾ, ഉദ്യോഗസ്ഥർ എന്നിവരെ കമ്മീഷൻ നേരിൽ കേട്ടു.
കർണാടക സംസ്ഥാനത്തെ എസ്ടി വിഭാഗത്തിൽ ഉൾപ്പെടുന്ന ബഗുഡ വിഭാഗക്കാരെ കേരളത്തിൽ എസ്ടിയായി പരിഗണിക്കണമെന്ന അപേക്ഷയിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സർക്കാരിലേക്ക് ശിപാർശ ചെയ്തതായി കമ്മീഷൻ അറിയിച്ചു. മേപ്പാടി പഞ്ചായത്തിലെ അരണമല കാട്ടുനായ്ക്ക ഉന്നതി, പൂതാടി പഞ്ചായത്തിലെ ചീയന്പം പണിയ, കാട്ടുനായ്ക ഉന്നതികൾ കമ്മീഷൻ സന്ദർശിച്ചു.
അദാലത്തിൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ട് 13 പരാതികളും പൊലിസ് വകുപ്പുമായി ബന്ധപ്പെട്ട് ആറ് പരാതികളുമാണ് ലഭിച്ചത്. നാല് പരാതികൾ തദ്ദേശ സ്വയംഭരണ വകുപ്പ്, എട്ട് പരാതി പട്ടികജാതി വകുപ്പ്, മൂന്ന് പരാതികൾ ഗവ. സർവീസുമായും ബന്ധപ്പെട്ടതാണ്.കെഎസ്ഇബി, ബാങ്ക്, പിഡബ്ല്യുഡി ഉൾപ്പെടെ മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച ഏഴ് പരാതികളും അദാലത്തിൽ കമ്മീഷൻ പരിഗണിച്ചു. ശേഷിക്കുന്ന പരാതികളിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ജില്ലയിൽ പരാതികൾ കുറവാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ജില്ലയിൽ കമ്മീഷൻ നടത്തിയ രണ്ട് അദാലത്തുകളിലായി 93 പരാതികളാണ് തീർപ്പാക്കിയത്. കളക്ടറേറ്റിൽ നടന്ന അദാലത്തിൽ കമ്മീഷൻ അംഗം ടി.കെ. വാസു, അസിസ്റ്റന്റ് രജിസ്ട്രാർ അജിത് പ്രസാദ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags : District News Nattuvishesham Tribes Commission Adalat 39 complaints