അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ രസതന്ത്ര ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി അന്തർദേശീയ സെമിനാറും സംസ്ഥാനതല പ്രബന്ധാവതരണ മത്സരവും സംഘടിപ്പിച്ചു.
"മോളിക്യൂളർ മെഡിസിനും മരുന്ന് രൂപകൽപ്പനയും: രാസ ശാസ്ത്രത്തിന്റെ പുതിയ അതിരുകൾ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ സിഎസ്ഐആർ - എൻഐഐഎസ്ടിയിലെ പ്രിൻസിപ്പാൾ സയന്റിസ്റ്റ് ഡോ. ജുബി ജോൺ ഉദ്ഘാടനം ചെയ്തു.
വൈറസുകൾ, രോഗങ്ങൾ, പ്രതിരോധ മരുന്നുകൾ എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഓഫ് ലുറൈനിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷക ഡോ. ഹരിത ഫലപ്രദമായ ഔഷധ നിർമാണത്തിനായി കമ്പ്യൂട്ടേഷണൽ കെമിസ്ട്രിയുടേയും മെഷീൻ ലേണിംഗിന്റെയും സമന്വയം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും രസതന്ത്രവും സംയോജിപ്പിച്ച് മരുന്ന് വികസനം മെച്ചപ്പെടുത്താമെന്ന് അവർ പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. നിഹിത ലിൻസൺ തുടങ്ങിയവർ സംസാരിച്ചു.
കെംസ്പയർ ക്ലബിന്റെ ആഭിമുഖ്യത്തിൽ "നോസിസ്സ് 2.0' എന്ന പേരിൽ അഖില കേരള പേപ്പർ അവതരണ മത്സരവും സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ കോളജുകളിൽ നിന്നുള്ള യുജി, പിജി വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു.
നോസിസ് 2.0 പേപ്പർ അവതരണ മത്സരത്തിൽ പാലാ അൽഫോൻസാ കോളജിലെ നന്ദന ദിനേശ്, പി.വി. ഗോപിക എന്നിവർ ഒന്നാം സ്ഥാനവും ചങ്ങനാശേരി എസ്ബി കോളജിലെ ജുവൽ ബെന്നി തോമസ്, ആഞ്ജലീന ടെസ മരിയ എന്നിവർ രണ്ടാം സമ്മാനവും നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags : Science Seminar St. George's College Aruvithura Local News Nattuvishesham Kottayam