മഴ ലഭിക്കാതെ നെൽവിത്ത് ഉണങ്ങിനശിക്കുന്ന പാടശേഖരങ്ങളിലെ കാഴ്ച.
കുമരകം: വിരിപ്പ്കൃഷി വെള്ളംപ്പൊക്കത്തെത്തുടർന്ന് നശിച്ച കർഷകർ ഇപ്പോൾ നേരിടുന്നത് വൻ പ്രതിസന്ധി. തകർന്ന പുറംബണ്ട് ബലപ്പെടുത്തി പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച് വീണ്ടും വിതച്ച കർഷകർക്ക് ഊണും ഉറക്കവും നഷ്ടപ്പെട്ടിരിക്കുകയാണിപ്പോൾ.
അമിതമായ ചൂടിൽ വിത്ത് വളരാതെ ഉണങ്ങിനശിക്കുകയാണ്. പുറംതോട്ടിൽനിന്നും വെള്ളം കയറ്റി ജലസേചനം നടത്താൻ കഴിയാത്ത കർഷകരുടെ മുളച്ച വിത്താകെ പാടത്ത് കിടന്ന് ഉണങ്ങിപ്പോയി. പുറംതൂമ്പ് തുറന്ന് വെള്ളം കയറ്റി നനയ്ക്കാൻ കഴിയുന്ന കർഷകരുടെ ഭീ്ഷണി നീർക്കാക്കയും എരണ്ടയുമാണ്. വെള്ളം കണ്ടാൽ പാടങ്ങളിൽ പറന്നിറങ്ങി ഇവ രാത്രിയുടെ ഇരുട്ടിൽ വിത്ത് വ്യാപകമായി നശിപ്പിക്കുകയാണ്. അതിനാൽ രാത്രിയിൽ പാടത്തുനിന്ന് വെള്ളം ഒഴുക്കികളയാതെ മാർഗമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ന്യൂനമർദത്തെത്തുടർന്ന് മഴ ലഭിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം കർഷകർക്ക് കുളിർമഴയായെങ്കിലും പ്രതീക്ഷ പിന്നീട് അസ്ഥാനത്തായി.
ഉടനെ മഴലഭിച്ചില്ലെങ്കിൽ ഇത്തവണത്തെ വിരിപ്പു കൃഷിയും പുഞ്ചകൃഷിയും പൂർണമായും ഉപേക്ഷിക്കേണ്ടിവരുന്ന സ്ഥിതിയിലാണ് കർഷകർ.