കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ മറിഞ്ഞ് തീപിടിച്ച ടെന്പോ ട്രാവലർ.
കഴക്കൂട്ടം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെമ്പോ ട്രാവലർ മറിഞ്ഞു തീപിടിച്ചു. ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം.
കിഴക്കേക്കോട്ട ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കു പോവുകയായിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
നിയന്ത്രണംവിട്ട വാഹനം മേൽപ്പാലത്തിലെ ഡിവൈഡറിൽ ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. മറിഞ്ഞതിനു തൊട്ടുപിന്നാലെ വാഹനത്തിൽനിന്നു പുക ഉയരുകയും തീ പടരുകയും ചെയ്തു.
അപകടസമയത്ത് ഡ്രൈവറും മറ്റൊരാളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രണ്ടുപേരും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് കഴക്കൂട്ടത്തുനിന്നും അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചതിനാൽ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് ഹൈവേയിൽ ആറ്റിങ്ങൽ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് തിരിച്ചുവിട്ടത്. പോലീസും ഫയർഫോഴ്സും ചേർന്നു മണിക്കൂറുകൾനീണ്ട പരിശ്രമത്തിനൊടുവിൽ വാഹനം റോഡിൽ നിന്നു നീക്കംചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags : Nattuvishesham DistrictNews DeepikaNews Tempo Traveller