പ്രതീകാത്മക ചിത്രം
വിഴിഞ്ഞം : കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസവും തുടർന്നു. ആരെയും കണ്ടെത്താനായില്ല.
പുല്ലുവിള സ്വദേശി ജോണിനായി തമിഴ്നാട് ബോട്ടുകാരുടെ സഹായവും വിഴിഞ്ഞം തീരദേശ പോലീസ് തേടി. തുടർച്ചയായി നീണ്ടുനിൽക്കുന്ന കടൽ ക്ഷോഭം തെരച്ചിലിനു തടസമാകുന്നു ണ്ട്. കടൽക്ഷോഭം കെട്ടടങ്ങുന്ന മുറയ്ക്കു വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രത്തിനു സമീപം ഒന്നര മാസം മുൻപ് കാണാതായ യുവ ഡോക്ടർക്കായി ചിപ്പി ത്തൊഴിലാളികളുടെ സഹായത്തോടെ പാറക്കൂട്ടങ്ങളിൽ തിരച്ചിൽ നടത്താനും തീരദേശ പോലീസ് തയാറെടുക്കുന്നു. കഴിഞ്ഞ മാസം 31ന് കാണാതായ പുല്ലുവിള സ്വദേശി ജോൺ മത്യാസിനും അഞ്ചുതെണ്ട് സ്വദേശി ഷിജിനും വേണ്ടിയുള്ള തിരച്ചിലാണു വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെയും തുടർന്നത്. തീരദേശത്ത് കരയോടു ചേർന്നും ഉൾക്കടലിലും മറൈൻ എൻഫോഴ്സ്മെന്റിന്റെ യും തീരദേശപോലീസിന്റെയും തീരസംരക്ഷണ സേനയുടെയും പരിശോധനകൾ വിഫലമായി.
കേരളത്തിലെയും തമിഴ്നാട്ടിലെയും നൂറുകണക്കിനു മത്സ്യത്തൊഴിലാളികളുടെ സഹായം തെരച്ചിൽ തുടങ്ങിയ സമയം മുതൽ അധികൃതർ തേടിയിരുന്നു. എന്നാൽ ഇതുവരെയും രണ്ടു പേരെയും ആരും കണ്ടിട്ടില്ലെന്നതും അധികൃതരെ കുഴക്കുന്നു. എന്നാലും പ്രതീക്ഷ കൈവിടാതെയുള്ള തെരച്ചിൽ തുടരാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം. ഇതോടൊപ്പം കാണാതായ യുവ ഡോക്ടർക്കായുള്ള തെരച്ചിലും ഉണ്ടാകും. കഴിഞ്ഞ ജൂൺ മാസം 22 ന് രാത്രിയിൽ സുഹൃത്തുക്കളോടൊപ്പം കടൽ കാണാനെത്തി പാറക്കൂട്ടത്തിൽ നിൽക്കുന്നതിനിടയിൽ തെരയെടുത്ത വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് നന്ദനത്തിൽ സെൽവരാജിന്റെയും അജിതയുടെയും മകൻ ശ്രീജിത്തി(29) നെ യാണ് ഇനിയും കണ്ടെത്താനുള്ളത്. ഇയാൾ പാറക്കൂട്ടങ്ങളിലോ, തുറമുഖങ്ങളുടെ പുലിമുട്ടിലോ കുടുങ്ങിക്കിടക്കാമെന്ന നിഗമനത്തിലാണ് അധികൃതർ.
ശ്രീജിത്തിനായി സംഭവ ദിവസം മുങ്ങൽ വിദഗ്ധരായ ചിപ്പി ത്തൊഴിലാളികൾ ഇറങ്ങിയെങ്കിലും കടൽക്ഷോഭത്തിൽ അധികനേരം പിടിച്ചു നിൽക്കാനാവാതെ എല്ലാവരും പിന്മാറുകയായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews missing