ആലുവ ബൈപാസിലെ മാഞ്ഞുതുടങ്ങിയ സീബ്രാലൈനുകൾ.
ആലുവ: പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും സീബ്രാവരകൾ മാഞ്ഞുപോയതോടെ റോഡ് കുറുകെ കടക്കാൻ ജീവൻ പണയം വച്ച് കാൽനടയാത്രക്കാർ. കൊച്ചി മെട്രോ സ്റ്റേഷൻ സ്ഥിതിചെയ്യുന്ന ഏറ്റവും തിരക്കേറിയ ആലുവ ബൈപാസ് ജംഗ്ഷനിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കാൽനടയാത്രക്കാർ വലിയ ദുരിതവും അപകടഭീഷണിയും നേരിടുന്നത്.
ദേശീയ പാതയിലൂടെ രണ്ട് ദിശകളിലായി വരുന്ന ഭാരവണ്ടികളും യാത്രാ ബസുകളും മൂന്ന് വഴികളിലൂടെയാണ് ബൈപാസിലേക്ക് പ്രവേശിക്കുന്നത്. ദേശീയ പാതയിലേക്ക് കടക്കുന്നതും ബൈപാസിലൂടെയാണ്. അതിനാൽ 24 മണിക്കൂറും വാഹനങ്ങൾ കടന്നു പോകുന്ന റെഡ് സ്പോട്ട് ആണിത്. എന്നാൽ അതനുസരിച്ച് ട്രാഫിക് പൊലിസിന്റെ സാന്നിധ്യമോ പാർക്കിംഗ് നിരോധനമോ ഇവിടെയില്ല. കൂനിനിമേൽ കുരു എന്നപോലെയാണ് സീബ്രാലൈനും ഇല്ലാതായിരിക്കുന്നത്.
സീബ്രാ ലൈൻ ഇല്ലാത്തതിനാൽ കാൽനടക്കാർ പലയിടത്തായാണ് റോഡ് മുറിച്ചുകടക്കുന്നത്. ഇതുകാരണം ഡ്രൈവർമാർക്ക് കാൽനടയാത്രക്കാരെ പെട്ടെന്ന് കാണാതെ വരുന്നുണ്ട്. റോഡ് മുറിച്ചു കടക്കുന്നതിനിടെ യാത്രക്കാരി അതേ ബസ് ഇടിച്ചാണ് കഴിഞ്ഞ മാസം മരണമടഞ്ഞത്. ബസ് ഇറങ്ങുന്ന യാത്രക്കാർക്ക് ഒന്നിറങ്ങി നിൽക്കാൻ പോലും ഇവിടെ ഇടമില്ല. റോഡിന് അപ്പുറവും ഇപ്പുറവും ഓട്ടോ സ്റ്റാൻഡ് ആണ്. കൂടാതെ നടപ്പാതകളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടാകും.
സമാന രീതിയിലാണ് ആലുവയിലെ മറ്റു ജംഗ്ഷനുകളിലും കാണുന്നത്. നിരവധി വിദ്യാലയങ്ങളുള്ള ആലുവയിൽ വിദ്യാർഥികളും ഇതേ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അടിയന്തിരമായി സീബ്രാ ലൈനുകൾ വരയ്ക്കാൻ പൊതുമരാമത്ത് വകുപ്പും ട്രാഫിക് പൊലിസും തയാറാകണമെന്ന് കേരള കോൺഗ്രസ്-ജേക്കബ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews