വണ്ടൂർ അന്പലപ്പടിയിൽ വയോജന പാർക്ക് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
വണ്ടൂർ: എക്സൈസിന്റെ ഓപ്പറേഷൻ റിലാക്സിന്റെ ഭാഗമായി വണ്ടൂർ അന്പലപ്പടിയിൽ വയോജനപാർക്ക് ഒരുക്കി. പാർക്ക് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് വയോജന പാർക്ക് സജ്ജമാക്കിയത്.
ലഹരിസംഘങ്ങളും സാമൂഹ്യവിരുദ്ധരും താവളമാക്കുന്ന പൊതുസ്ഥലങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന പറന്പുകൾ, പാതിവഴിയിൽ നിർമാണം മുടങ്ങിയ കെട്ടിടങ്ങൾ തുടങ്ങിയവ കണ്ടെത്തി, അവിടങ്ങളിൽ പൊതുജനങ്ങൾക്കായി ഓപ്പണ്‍ ജിമ്മുകൾ, കളിക്കളങ്ങൾ, വായനശാലകൾ, അല്ലെങ്കിൽ ഹാംഗ്ഒൗട്ട് സോണുകൾ എന്നിവ സ്ഥാപിക്കുന്നതാണ് എക്സൈസിന്റെ ഓപ്പറേഷൻ റിലാക്സ് പദ്ധതി. ഇരിപ്പിടങ്ങളും വേലിയും സ്പോണ്‍സർഷിപ്പിലൂടെയാണ് കണ്ടെത്തിയത്.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദീൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആലിപ്പറ്റ ജമീല, മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പ്രദീപ് റാവു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എം. ശിവപ്രസാദ്, വണ്ടൂർ അംബേദ്കർ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. സലീന, അന്പലപ്പടി പ്രഭാത് വായനശാല പ്രസിഡന്റ് അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Senior citizens