കഞ്ചാവുമായി തങ്കമണി പോലീസ് പിടികൂടിയ പ്രതികൾ
ചെറുതോണി: ഈട്ടിത്തോപ്പിൽ വൻ കഞ്ചാവ് വേട്ട. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി പോലീസ് പിടികൂടി. വീട്ടുടമ ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തിൽ തോമസ് (23), ചെമ്പകപ്പാറ ചെരുവുകാലായിൽ ആൽബിൻ (20), നാങ്കുതൊട്ടി മണിമലക്കുന്നേൽ ജിൻസ്മോൻ മാത്യു (24), മേലെചിന്നാർ കമ്മട്ടിക്കൽ വിമൽ റോയി (21), കൊച്ചുതോവാള കുന്നുംപുറത്ത് ഷിൽറ്റു ഷാജി (23), തോവാള ആശ്രമംപടി പുൽപ്പാറക്കൽ ശരത് സാബു (23), തേക്കിൻകാനം കാരിയേലിൽ നോബിൾ എൽദോസ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാസങ്ങളായി പ്രതികൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. എസ്ഐ ബിജു ബേബിക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടർന്നാണ് ഇന്നലെ പ്രതികൾ പിടിയിലായത്. ഇന്നലെ പുലർച്ചെ 12.45ഓടെ ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തിൽ തോമസിന്റെ വീട് വളഞ്ഞാണ് പോലീസ് പ്രതികളെ പിടികൂടിയത്. എറണാകുളം ഭാഗത്തുനിന്ന് എത്തിച്ച കഞ്ചാവാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
എസ്ഐ ബിജു ബേബിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സുബിൻ തങ്കച്ചൻ, സബ് ഇൻസ്പെക്ടർമാരായ സി.വി. സതീഷ്, പി.ഡി. സേവ്യർ, സിവിൽ പോലീസ് ഓഫീസർമാരായ ജോമോൻ കുര്യൻ, മാത്യു തോമസ്, അബിൻ കെ. സോമൻ, ഷാനവാസ് ഖാൻ, ജിതിൻ സണ്ണി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.