ചോറ്റാനിക്കര: ക്ഷേത്രത്തിൽ ചെണ്ടമേളം അവതരിപ്പിച്ച ശേഷം സമീപത്തെ കട്ടച്ചിറ തോട്ടിൽ കുളിക്കാനിറങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം പടവൻപ്ലാക്കിൽ വീട്ടിൽ സുരേഷിന്റെയും ധന്യയുടെയും മകൻ സിദ്ധേശ്വർ (സിദ്ധു-12) ആണ് മരിച്ചത്. സംസ്കാരം നടത്തി.
കഴിഞ്ഞ ചൊവ്വാഴ്ച മാതാപിതാക്കളോടും ജ്യേഷ്ഠൻ രോഹിത്തിനുമൊപ്പം ക്ഷേത്രത്തിൽ ചെണ്ട മേളത്തിനെത്തിയതായിരുന്നു സിദ്ധു. മേളം കഴിഞ്ഞ് ആറു പേരടങ്ങുന്ന സംഘമാണ് കട്ടച്ചിറ തോട്ടിൽ കുളിക്കാനിറങ്ങിയത്. ആഴം കുറഞ്ഞ ഭാഗത്ത് നിന്നു മറുകരയിലേക്ക് സിദ്ധേശ്വർ ഉൾപ്പടെ മൂന്നു കുട്ടികൾ നടന്നുപോകാൻ ശ്രമിക്കുന്നതിനിടെ സിദ്ധേശ്വർ കാൽ വഴുതി വീഴുകയായിരുന്നു. മൂന്നു പേർക്കും നീന്തൽ അറിയില്ലായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ സമീപവാസി തോട്ടിലിറങ്ങി സിദ്ധേശ്വറിനെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോടിന് അധികം ആഴമില്ലായിരുന്നെങ്കിലും അടിത്തട്ടിൽ ചെളി നിറഞ്ഞു കിടക്കുകയായിരുന്നു.
നാലു വർഷമായി മേളം അഭ്യസിക്കുന്ന സിദ്ധു ചെണ്ട മേളത്തിൽ ഇലത്താളമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. പൂത്തോട്ട കെപിഎം എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
Tags :