തിരുവനന്തപുരം: ഇഷ്ടപ്പെട്ട ഒൗട്ട്ഫിറ്റിന് ഇണങ്ങുന്ന തരത്തിലുള്ള ആഭരണങ്ങൾ അണിയാൻ കൊതിക്കുന്നവരാണ് സ്ത്രീകളിൽ പലരും. എന്നാൽ അവയൊക്കെ തെരഞ്ഞു കണ്ടെത്തുക എന്നത് വലിയ പരിശ്രമം തന്നെയാണ്. എങ്കിൽ ഒട്ടും വൈകേണ്ട, ഷഗൂണ് ആഭരണ പ്രദർശന വിപണന മേളയിലേക്ക് പോരൂ... ആഗ്രഹിക്കുന്ന നിറവും മനസിൽ കണ്ട രൂപവും പറഞ്ഞാൽ മതി; ആഗ്രഹിച്ച വളകളും ആഭരണങ്ങളും ഒരുക്കി നൽകാൻ തയാറാണ് മേളയിലെ കരകൗശല വിദഗ്ധർ.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശന വിപണനമേളയിലെത്തുന്ന സ്ത്രീകളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വളകൾ നിർമിച്ചുനൽകുന്പോൾ, അവരുടെ കൈകളിൽ വിരിയുന്നത് ആഭരണങ്ങൾ മാത്രമല്ല, ഓരോരുത്തരുടെയും വ്യക്തിത്വത്തിനും ഭാവനയ്ക്കും ഇണങ്ങുന്ന വർണസ്വപ്നങ്ങൾ കൂടിയാണ്. ആഭരണങ്ങൾ മാത്രമല്ല കോട്ടണ്‍, സിൽക്ക്, വസ്ത്രങ്ങളും വീടകങ്ങൾ മോടി പിടിപ്പിക്കുന്നതിനുള്ള നിരവധി കരകൗശല വസ്തുക്കളും ഈ മേളയിലുണ്ട്. അൻപതോളം സ്റ്റാളുകളിലായി ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള ഗ്രാമീണ കരകൗശല വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ പ്രദർശനത്തിൽ കോട്ടണ്‍, സിൽക്ക് കൈത്തറി, കരകൗശല വസ്തുക്കൾ, ഒറീസ ടൈ ആൻഡ് ഡൈ, ഡ്രസ് മെറ്റീരിയൽ, ഒറീസ സാരികൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നുണ്ട്.രാവിലെ പത്ത് മുതൽ രാത്രി ഒൻപത് വരെയാണ് മേള. നവംബർ രണ്ടിന് മേള അവസാനിക്കും.
Tags :