വെള്ള ക്കെട്ട് പരിഹരിക്കാനായി ഓട നിർമിക്കുന്നു.
മാന്നാർ: പരുമല ആശുപത്രിക്ക് സമീപമുള്ള പ്രധാന പാതയിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. ചെങ്ങന്നൂർ-മാന്നാർ റോഡിൽ പരുമല ആശുപത്രിക്കും തിക്കപ്പുഴ ജംഗ്ഷനും ഇടയിലുള്ള അരകിലോമീറ്ററാണ് ചെറിയ മഴയിൽ പോലും സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെട്ട് പുഴയായി മാറിയിരുന്നത്. റോഡിലെ വെള്ളം ഒഴുകി പ്പോകാൻ സംവിധാനം ഇല്ലാഞ്ഞതാ ണ് പുഴ രൂപപ്പെടാൻ കാരണമായത്.
ഈ അവസരങ്ങളിൽ ഇവിടത്തെ വ്യാപാര സ്ഥാപനങ്ങൾ തുറക്കുവാൻ കഴിയുമായിരുന്നില്ല. പരുമല പള്ളി, ആശുപത്രി, കോളജ് തുടങ്ങിയ ഇടങ്ങളിലേക്ക് ദിനംപ്രതി എത്തുന്ന നിരവധി വാഹനങ്ങൾ ഈ വെള്ള ക്കെട്ടിൽ പെട്ടിരുന്നു. റോഡിന്റെ സമീപത്തായി താമസിക്കുന്നവർക്കും വെള്ള കെട്ട് ഏറെ പ്രശ്നമായി. വെള്ളക്കെട്ട് പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെ ശക്തമായ പ്രതിഷേധങ്ങളും ഉയർന്നു.
പ്രതിഷേധങ്ങൾ ശക്തമായതോടെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ പിഡബ്ല്യുഡി അധികൃതർ സ്ഥലത്തെത്തുകയും റോഡിന്റെ ഒരു വശത്ത് ഓട നിർമിച്ച് റോഡ് മണ്ണിട്ടുയർത്തി വെള്ളം ഓടയിലൂടെ ഒഴുക്കി വിടാൻ നിർദേശിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് അന്നത്തെ എംഎൽഎ മാത്യു. ടി. തോമസ് ഇതിന്റെ പ്രവൃത്തികൾക്കായി 40 ലക്ഷം അനുവദിക്കുകയും ചെയ്തു. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി കരാർ നൽകുകയും ചെയ്തു.
എന്നാൽ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നിർമാണോദ്ഘാടനം വർഗീസ് മാമൻ എംഎൽഎ നിർവഹിച്ചു. പരുമല പെരുന്നാളിന് മുൻപായി ഓടയുടെ നിർമാണം പൂർത്തീകരിക്കും. അതിന് ശേഷം റോഡ് നിർമാണവും നടത്തും. ഇതോടെ വർഷങ്ങളായി ഉണ്ടായിരുന്ന പരുമലയിലെ വെള്ളക്കെട്ടിന് പരിഹാരമാകും.
Tags : Nattuvishesham DistrictNews DeepikaNews construction