പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ഭിന്നശേഷി കുട്ടികളുടെ കലാ-കായിക കഴിവുകളും സർഗാത്മക അഭിരുചികളും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ സ്പെഷ്യൽ സ്കൂളുകളിലെയും ബഡ്സ് സ്കൂളുകളിലെയും ബിആർസികളിലെയും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്പെഷ്യൽ സ്കൂൾ കലോത്സവം "സർഗവസന്തം' ഇന്ന് തെള്ളിയൂർ എംസിആർഡി നവജ്യോതി സ്കൂളിൽ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി 350 ലധികം കുട്ടികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കും. ജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി വിജയിക്കുന്ന കുട്ടികൾക്ക് നവംബർ നാലു മുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കും. ഇന്നു രാവിലെ ഒന്പതിന് ആർട്ടിസ്റ്റ് നിഷാദ് അബൂബക്കർ കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിനു സമാപന സമ്മേളനത്തിൽ ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും .
എംസിആർഡിയുടെ 45-ാമത് സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി 14, 15 തീയതികളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 15ന് രാവിലെ ഒന്പത് മുതൽ ജില്ലയിലെ സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എംസിആർഡി ഗ്രൗണ്ടിൽ കായികമത്സരങ്ങൾ നടത്തും.
പ്രസിഡന്റ് ഫാ. സുനിൽ മാത്യു, കോ-ഓർഡിനേറ്റർ ലതാ രാജേഷ്, നവജ്യോതി സ്കൂൾ ഹെഡ്മാസ്റ്റർ വർഗീസ് ടി. കുര്യൻ, കോ-ഓർഡിനേറ്റർ ഷൈനു പി. രാജു, ഫാ. ഗ്രിഗറി വർഗീസ് ഡാനിയേൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.