തൊഴിലാളിക്ഷാമം മൂലം നിലമൊരുക്കൽ ജോലികൾ പാതിവഴിയിലായ വീയപുരം കൃഷിഭവൻ പരിധിയിലെ കട്ടക്കുഴി പാടശേഖരം.
ഹരിപ്പാട്: വരാനിരിക്കുന്ന പുഞ്ചക്കൃഷിക്ക് വിത്ത് മുളപ്പിക്കേണ്ട തുലാമാസത്തിൽ, അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ നിരാശയും അനിശ്ചിതത്വവും മാത്രം. തരിശുകിടന്ന പാടങ്ങളിൽ തലയുയർത്തി നിൽക്കുന്ന കാട്ടുപുല്ലുകളും പായലും ആമ്പലും നീക്കം ചെയ്ത് നിലമൊരുക്കാൻ തൊഴിലാളികളെ കിട്ടാനില്ലാത്തത് കൃഷിയിറക്കലിന്റെ ആദ്യപടിയെത്തന്നെ താളംതെറ്റിക്കുകയാണ്. കൃഷി ഒരുക്കങ്ങൾ ആരംഭിക്കേണ്ട നിർണായക സമയത്ത് പാടങ്ങളിലേക്ക് തൊഴിലാളികൾ എത്താത്തത് കാർഷിക കലണ്ടറിനെ ഒന്നാകെ തകിടം മറിക്കുമെന്ന ആശങ്കയിലാണ് അപ്പർ കുട്ടനാട്ടിലെ കർഷകസമൂഹം. വീയപുരം കൃഷിഭവൻ പരിധിയിലെ കട്ടക്കുഴി പാടശേഖരത്തിലടക്കം നിലമൊരുക്കൽ ജോലികൾ പലതും തൊഴിലാളികളെ ലഭിക്കാത്തതിനെത്തുടർന്ന് പാതിവഴിയിൽ നിലച്ച മട്ടിലാണ്. ദിവസങ്ങൾക്കുള്ളിൽ കളകൾ നീക്കം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ സീസൺ തന്നെ നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് പ്രദേശത്തെ കർഷകർ.
കാലം തെറ്റിയാൽ വൻ നഷ്ടം
അപ്പർ കുട്ടനാട്ടിലെ കൃഷി രീതിയിൽ കൃത്യസമയത്ത് വിതയിറക്കുക എന്നത് ജീവന്മരണ പോരാട്ടമാണ്. തുലാമാസപ്പകുതിയോടെ വിത പൂർത്തിയാക്കിയില്ലെങ്കിൽ അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പൂർത്തിയാകേണ്ട കൊയ്ത്ത് ഏപ്രിൽ-മേയ് മാസങ്ങളിലേക്ക് നീളും. ഇത് വേനൽമഴയ്ക്കും അപ്രതീക്ഷിത വേലിയേറ്റത്തിനും വെള്ളപ്പൊക്കത്തിനും ഇടയാക്കും. മുൻവർഷങ്ങളിൽ കൃഷിയിറക്കൽ വൈകിയതിനെത്തുടർന്ന് കൊയ്ത്ത് യന്ത്രങ്ങൾ പാടത്ത് താഴ്ന്നുപോവുകയും കൊയ്ത നെല്ല് വെള്ളത്തിലാവുകയും ചെയ്ത കയ്പേറിയ അനുഭവങ്ങൾ കർഷകരുടെ മുന്നിലുണ്ട്. ഈ ആശങ്ക നിലനിൽക്കെയാണ് പായൽ വാരൽ പോലും പൂർത്തിയാക്കാൻ കഴിയാതെ കർഷകർ നട്ടംതിരിയുന്നത്.
വരിയും കവടയും തിങ്ങി പാടങ്ങൾ; ഇരട്ടിപ്പണി
മഴക്കാലത്ത് വെള്ളം കയറിക്കിടന്ന പാടങ്ങളിൽ വരിനെല്ല്, കവട, ആമ്പൽ, പായൽ എന്നിവ കാടുപോലെ പടർന്നുപിടിച്ചിരിക്കുകയാണ്. ഇവ വേരോടെ പിഴുതുമാറ്റുകയോ അടിച്ചൊതുക്കുകയോ ചെയ്യാതെ വിത്ത് വിതയ്ക്കാനാകില്ല. പായൽ നീക്കുന്നതിനൊപ്പം പുറംവരമ്പുകൾ ചെത്തി ബലപ്പെടുത്തുക, വെള്ളം സുഗമമായി ഒഴുക്കിവിടാൻ വാച്ചാലുകൾ കീറുക, നിലം ഒരേ നിരപ്പിൽ ഉഴുതുമറിക്കുക തുടങ്ങി ദിവസങ്ങൾ നീളുന്ന കഠിന ജോലികളാണ് കാർഷിക കലണ്ടർ അനുസരിച്ച് ഈ ഘട്ടത്തിൽ നടക്കേണ്ടത്. കർഷകർ സ്വന്തം അധ്വനത്തിൽ പായലും പോളയും വാരിക്കൂട്ടിവച്ചിട്ടുണ്ടെങ്കിലും അവ ചുമന്ന് പുറംവരമ്പുകളിലേക്ക് മാറ്റാൻ തൊഴിലാളികളില്ലാത്തതിനാൽ പാടത്തുതന്നെ കിടന്ന് അഴുകി വീഴുന്ന സ്ഥിതിയാണുള്ളത്.
ഇതര സംസ്ഥാനക്കാരും കുറഞ്ഞു; ട്രാക്ടർ
അടിക്കാൻ ഭീമൻ ചെലവ്
കഴിഞ്ഞ ഏതാനും സീസണുകളിൽ അപ്പർ കുട്ടനാടൻ മേഖലയിലെ കൃഷിയുടെ പ്രധാന ആശ്രയമായി മാറിയിരുന്നത് ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. എന്നാൽ ഇക്കുറി കാർഷിക മേഖലയിലേക്ക് ഇവരുടെ സാന്നിധ്യം വളരെ കുറവാണ്. പ്രാദേശികമായി സ്ത്രീ-പുരുഷ തൊഴിലാളികളുടെ ലഭ്യതയും ചുരുങ്ങി. തൊഴിലാളി ദൗർലഭ്യം മറികടക്കാൻ ആമ്പലും കളകളും ട്രാക്ടർ ഉപയോഗിച്ച് അടിച്ച് ചെളിയിലേക്ക് താഴ്ത്താൻ കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നു. ഒന്നര ഏക്കറിലെ ആമ്പൽ തിങ്ങിനിറഞ്ഞ പാടം അടിച്ച് ഒതുക്കാൻ ട്രാക്ടറിന് തുടർച്ചയായി എട്ടര മണിക്കൂറോളം വേണ്ടിവന്നു. മണിക്കൂറുകൾ നീളുന്ന ട്രാക്ടർ വാടക കർഷകരുടെ കീശ കാലിയാക്കുകയാണ്. ഉയർന്ന കൂലി നൽകാമെന്ന് പറഞ്ഞാൽപ്പോലും പണിക്കാരെ കിട്ടാനില്ല.
തൊഴിലുറപ്പ് പദ്ധതിയും ലേബർ ബാങ്കും
ഗ്രാമപ്രദേശങ്ങളിൽ ഓരോ വാർഡിൽ നിന്നും 40 മുതൽ 60 വരെ തൊഴിലാളികളാണ് നിലവിൽ തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നത്. കർഷകർ കൊടിയ പ്രതിസന്ധി നേരിടുന്ന വിതയൊരുക്കൽ സീസണിലെങ്കിലും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കാർഷിക ആവശ്യങ്ങൾക്കായി ലഭ്യമാക്കാൻ സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്ന് കർഷക കൂട്ടായ്മകൾ ആവശ്യപ്പെടുന്നു. ഇതിനു പുറമേ, ശാശ്വത പരിഹാരമായി കാർഷിക ലേബർ ബാങ്ക് സർക്കാർ തലത്തിൽ യാഥാർഥ്യമാക്കണം. കാൽനൂറ്റാണ്ട് മുൻപ് തൊഴിലാളി സംഘടനകൾ ഇത്തരമൊരു ആശയം മുന്നോട്ടുവച്ചെങ്കിലും എങ്ങുമെത്തിയില്ല. കൃഷിവകുപ്പിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ മേൽനോട്ടത്തിൽ കൃത്യമായ പരിശീലനവും ന്യായമായ ദിവസവേതനവും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കി ലേബർ ബാങ്കുകൾ രജിസ്റ്റർ ചെയ്താൽ, കർഷകർക്ക് ഇടനിലക്കാരില്ലാതെ തൊഴിലാളികളെ ലഭ്യമാക്കാനും യുവാക്കളെ ഈ രംഗത്തേക്ക് ആകർഷിക്കാനും സാധിക്കും.
Tags : NattuVishesham DistrictNews