പ്രതീകാത്മക ചിത്രം
പാറപ്പുഴ: കൂമ്പന്‍പാറ റബര്‍ എസ്റ്റേറ്റ് ഭൂമിയില്‍ നിയമവിരുദ്ധമായി പാറമട ആരംഭിക്കുവാനുള്ള നീക്കത്തില്‍ എതിര്‍പ്പുമായി പ്രദേശവാസികള്‍. പാറപ്പുഴ സെന്റ് ജോസഫ് പ്രൈമറി സ്കൂള്‍, സെന്റ് ജോസഫ് പള്ളി, പോസ്റ്റ് ഓഫീസ് എന്നിവയ്ക്കു സമീപവും ജനവാസ മേഖലയോടു ചേര്‍ന്നുമാണ് പാറമട ആരംഭിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കരിങ്കല്‍ ക്വാറിയിലെ പാറ ഖനനംമൂലം ജനങ്ങള്‍ക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. പലപ്രാവശ്യം പാറമടയില്‍നിന്നു വലിയ കരിങ്കല്‍ കഷണങ്ങള്‍ സമീപത്തെ വീടുകളിലും സ്കൂള്‍ പരിസരത്തുമെല്ലാം പതിച്ച് പ്രദേശവാസികളുടെ സ്വൈര ജീവിതം തടസപ്പെട്ടിരുന്നു.
കൂടാതെ ലൈഫ്, പിഎംഎവൈ മുതലായ പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍ക്ക് ഉള്‍പ്പടെ വിള്ളലുകള്‍ സംഭവിക്കുകയും കിണര്‍ ഇടിയുകയും ചെയ്തു.
തുടര്‍ന്ന് വീട്ടുകാര്‍ പാറമടയ്ക്കെതിരേ ജില്ലാ കളക്ടര്‍ക്കും കോടിക്കുളം പഞ്ചായത്തിലും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പാറമടയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.
സര്‍ക്കാര്‍ തരിശും മിച്ചഭൂമി ഇളവ് അനുവദിച്ചതുമായ തോട്ടഭൂമിയിലാണ് പാറമട ആരംഭിക്കുവാന്‍ ലൈസന്‍സിനായി അപേക്ഷിച്ചിരിക്കുന്നതെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നത്.
നിയമപരമായി തോട്ടവിളകള്‍ കൃഷി ചെയ്യാന്‍ മാത്രമല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത എസ്റ്റേറ്റ് ഭൂമി നിയമവിരുദ്ധമായി തരം മാറ്റിയാണ് പാറപൊട്ടിക്കാന്‍ ലൈസന്‍സിന് ശ്രമിക്കുന്നതെന്നു പ്രദേശവാസികള്‍ പറഞ്ഞു.
കുന്നില്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പാറ പൊട്ടിക്കുന്നതിനായി വലിയ അളവില്‍ മണ്ണ് മാറ്റി ഒരു സ്ഥലത്ത് കൂട്ടുന്നതു മഴക്കാലത്ത് ഉരുള്‍ പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും അതോടൊപ്പം പരിസരത്തെ ശുദ്ധജല സ്രോതസുകള്‍ മലീനീകരിക്കപ്പെടുമെന്ന ആശങ്കയും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായി പാറമടനടത്താന് അനുമതി നല്കിയാല് വന്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Tags : Stone Quarry in Parappuzha: Locals Raise Objections Stone Quarry NattuVishesham DistrictNews