കോട്ടയം: പാചകവാതകത്തിനും പെട്രോളിയം ഉത്പന്നങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നല്കി രാജ്യത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. പാചക വാതകത്തിന്റെ വിലവര്‍ധന തടയണമെന്നും പെട്രോള്‍, ഡീസല്‍ വിലകൾ വര്‍ധിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാചകവാതക വിലക്കയറ്റം മൂലം ഹോട്ടലുകളും റെസ്റ്ററന്റുകളും കാന്റീനുകളും ഹോസ്റ്റലുകളും പൂട്ടിയതുമൂലം ആയിരക്കണക്കിന് തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടെന്നും ഭക്ഷ്യധാന്യങ്ങളുടെ വില കൂടിയതുമൂലം തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ഗാന്ധി സ്ക്വയറില്‍നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ഹെഡ്പോസ്റ്റ് ഓഫീസിനു മുന്നിലെത്തി ധര്‍ണ നടത്തി.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അനിയന് മാത്യു, പി.വി. പ്രസാദ്, എം.വി. മനോജ്, നന്തിയോട് ബഷീര്‍, ജില്ലാ ഭാരവാഹികളായ പ്രീത രാജേഷ്, പി.എച്ച്. അഷറഫ്, എം.എന്‍. ദിവാകരന് നായര്‍, രാജന് കൊല്ലംപറമ്പില്‍, പി.വി. സുരേന്ദര്‍, ടോണി തോമസ്, ടി.സി. റോയി, ബൈജു പി. ജോര്‍ജ്, സക്കീര്‍ ചങ്ങംപള്ളില്, സഖറിയാസ് സേവ്യര്‍, ബിജു കൂമ്പിക്കല്‍, ഇടവട്ടം ജയകുമാര്‍, അച്ചന്കുത്ത് ചേക്കോന്തയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Stop price hike cooking gas