തെരുവുനായ്ക്കൾ
കിഴക്കമ്പലം: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും പേവിഷബാധ പ്രതിരോധിക്കുന്നതിനുമായി കുന്നത്തുനാട് ഗ്രാമപഞ്ചായത്തിൽ എബിസി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഇതിനകം നൂറുകണക്കിന് തെരുവുനായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കും പേവിഷ പ്രതിരോധ കുത്തിവയ്പ്പിനും വിധേയമാക്കി.
പഞ്ചായത്ത് പരിധിയിലെ പള്ളിക്കര, മോറക്കാല, പെരിങ്ങാല, പിണർമുണ്ട, പട്ടിമറ്റം, കൈതക്കാട്, പറക്കോട്, വെമ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടന്ന നായ്ക്കളെ പിടികൂടിയാണ് നിലവിൽ വന്ധ്യംകരണ ശസ്ത്രക്രിയയും പേവിഷ പ്രതിരോധ കുത്തിവയ്പ്പും എടുത്തുകൊണ്ടിരിക്കുന്നത്. തെരുവുനായ ശല്യം മൂലം ജനങ്ങൾ നേരിട്ടിരുന്ന ഭയത്തിനും ബുദ്ധിമുട്ടുകൾക്കും വലിയൊരു അളവോളം ആശ്വാസമേകുന്നതാണ് നിലവിലെ പഞ്ചായത്തിന്റെ നടപടികൾ എന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി.കുഞ്ഞുമുഹമ്മദ് പറഞ്ഞു.
തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനും നിയന്ത്രണത്തിനും ഒപ്പം വളർത്തുമൃഗങ്ങളുടെ സുരക്ഷ മുൻനിർത്തി മൊത്തം 4.70 ലക്ഷം രൂപയുടെ സമഗ്രമായ പദ്ധതികളാണ് പഞ്ചായത്ത് തയാറാക്കിയിട്ടുള്ളത്. കോടതി ഉത്തരവ് പ്രകാരമുള്ള തെരുവുനായ ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്: 8281041152
Tags : Nattuvishesham DistrictNews DeepikaNews Stray Dog