പീരുമേട്: 19 പേരെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ഇതേതുടർന്ന് പീരുമേട് പഞ്ചായത്തിൽ അവലോകനയോഗം ചേർന്ന് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. പേവിഷബാധയുള്ള നായ മറ്റു നായ്ക്കളെയും കന്നുകാലികളെയും കടിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം വാക്സിനേഷൻ നൽകാനും യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസമാണ് പീരുമേട്, പാമ്പനാർ, കല്ലാർ പ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞ തെരുവുനായ ആളുകളെയും മറ്റു മൃഗങ്ങളെയും കടിച്ചത്. പിന്നാലെ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി നായയെ പിടിച്ചുകെട്ടി. കടിയേറ്റവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
നായയുടെ കടിയേറ്റവർക്ക് ഇതിനോടകം രണ്ടു ഡോസ് വീതം വാക്സിൻ നൽകിയിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലെ വീടുകളിലും വളർത്തുനായ്ക്കൾക്കടക്കം വാക്സിനേഷൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
പീരുമേട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ തെരുവുനായശല്യം രൂക്ഷമാണ്. തോട്ടം മേഖലയുമായി ബന്ധപ്പെട്ട ഇവിടെ വിവിധ മേഖലകളിൽ തെരുവുനായ്ക്കൾ തമ്പടിച്ചു കൂട്ടമായി റോഡിലേക്ക് ഇറങ്ങി ആളുകളെ ആക്രമിക്കുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. പഞ്ചായത്തിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പീരുമേട് മൃഗാശുപത്രി പ്രതിനിധികൾ, താലൂക്ക് ആശുപത്രി അധികൃതർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.