കോട്ടയം ടൗൺ ഇരുട്ടിൽ
കോട്ടയം: വഴിവിളക്കുകള്‍ മിഴിയടച്ചതോടെ കോട്ടയം പട്ടണം ഇരുട്ടിലായി. സന്ധ്യമയങ്ങി വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ നഗരവും നഗരപ്രദേശങ്ങളും കൂരിരുട്ടിലാണ്. സെന്‍ട്രല്‍ ജംഗ്ഷന്, തിരുനക്കര, ശീമാട്ടി റൗണ്ടാന, ബേക്കര്‍ ജംഗ്ഷന്, ലോഗോസ്, കളക്ടറേറ്റ് തുടങ്ങിയ സ്ഥലങ്ങളെല്ലാം കടകൾ അടയ്ക്കുന്നതോടെ ഇരുട്ടിലാണ്.
ഇവിടങ്ങളിലെല്ലാം സമീപത്തെ സ്ഥാപനങ്ങളില്‍നിന്നുള്ള വെളിച്ചമാണുള്ളത്. രാത്രികാലത്തും ഏറെ യാത്രക്കാര്‍ ബസ് കാത്തുനില്ക്കുകയും ബസില്‍ വന്നിറങ്ങുകയും ചെയ്യുന്ന ബേക്കര്‍ ജംഗ്ഷനില്‍ പെട്രോള്‍ പമ്പ്, രാത്രി കടകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വെളിച്ചമാണ് യാത്രക്കാർക്ക് ആശ്രയം.
നഗരകവാടങ്ങളായ നാഗമ്പടത്തും ഐഡ ജംഗ്ഷനിലും കഞ്ഞിക്കുഴിയിലും സ്ഥിതി വ്യത്യസ്തമല്ല. നാഗമ്പടത്തെ റൗണ്ടാനയില്‍ സ്വകാര്യ സ്ഥാപനം സ്ഥാപിച്ചിട്ടുള്ള അലങ്കാര ബള്‍ബുകള്‍ മാത്രമാണ് ആശ്രയം. ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റും മൂന്ന് സോളാര്‍ ലൈറ്റുകളും ഉണ്ടെങ്കിലും ഇവ മിഴിയടച്ചിട്ട് നാളുകളായി.
നാഗമ്പടം മേല്‍പ്പാലത്തിലും വെളിച്ചമില്ല. മേല്‍പ്പാലത്തിലെ ഫുട്പാത്തില്‍ സ്ലാബുകള്‍ ഇളകിക്കിടക്കുന്നതിനാല്‍ ഇവിടെ കാല്‍നടയാത്രക്കാര്‍ ദുരിതത്തിലാണ്. മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് പലരും ഇതു വഴി യാത്ര ചെയ്യുന്നത്. വെളിച്ചമില്ലാത്തതിനാല്‍ റോഡിലിറങ്ങി നടക്കുന്നവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്. നഗരത്തെ പ്രകാശപൂരിതമാക്കാന്‍ ‘നിലാവ് ’ എന്ന പേരില്‍ ആരംഭിച്ച നഗരവെളിച്ച പദ്ധതി പ്രകാരമുള്ള ലൈറ്റുകള്‍ എല്ലാം മിഴിയടച്ചിട്ട് മാസങ്ങളായി.
എംസി റോഡിലുംകെകെ റോഡിലുംവെളിച്ചമില്ല
പ്രധാന പാതയായ എംസി റോഡിലും കെകെ റോഡിലും അങ്ങിങ്ങായുള്ള ചില ലൈറ്റുകള്‍ ഒഴിച്ചാല്‍ വെളിച്ചമേയില്ല. എംസി റോഡില്‍ നിരവധി സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ഉപയോഗ ശൂന്യമാണ്. പലതും വാഹനങ്ങള്‍ ഇടിച്ചു തകര്‍ന്നും ബാറ്ററികള്‍ നഷ്ടപ്പെട്ട നിലയിലുമാണ്. കുമരകം റോഡ്, പുതുപ്പള്ളി റോഡ് എന്നിവയിലും സ്ഥിതി വ്യത്യസ്തമല്ല. നഗരപ്രാന്തത്തിലുള്ള മിക്ക റോഡുകളിലെ അവസ്ഥയും ഇതൊക്കെത്തന്നെയാണ്.
നഗരംവിട്ടുകഴിഞ്ഞാല് ചില പ്രാദേശിക റോഡുകളില്‍കൂടി യാത്ര ചെയ്യുമ്പോള്‍ രാത്രിയാത്രികര്‍ അദ്ഭുതപ്പെടും. മിക്കവാറും വഴിവിളക്കുകള്‍ അവിടെ പ്രകാശിക്കുന്നതായി കാണാം. പ്രദേശത്തെ കൗണ്‍സിലര്‍, പഞ്ചായത്ത് അംഗങ്ങളുടെ ഇടപെടലുകളാണിതിനു പിന്നില്‍.
ഉടയോനില്ലാതെ ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകള്‍
ഹൈമാസ്റ്റ് ലൈറ്റുകളുടെ വരവ് പ്രധാന ജംഗ്ഷനുകളുടെ മുഖച്ഛായ മാറ്റിയിരുന്നു. പ്രധാന ജംഗ്ഷനുകളിലെല്ലാം എംപി, എംഎല്‍എ, ജില്ലാ പഞ്ചായത്തംഗങ്ങളുടെ ഫണ്ടുകള്‍ വഴി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കപ്പെട്ടു. 4-5 ലക്ഷം രൂപ വരെയാണ് ചെലവ്. തൊട്ടുപിന്നാലെ മിനി മാസ്റ്റ് ലൈറ്റുകളും എത്തി. 1-1.5 ലക്ഷത്തിന് സ്ഥാപിക്കാം. ഗ്രാമ-നഗര അന്തരമില്ലാതെ ഇവ സ്ഥാപിക്കപ്പെട്ടു. രണ്ടു വർഷം വരെ വാറന്റി ഇവ നിർമിക്കുന്ന സ്ഥാപനങ്ങൾ നൽകാറുണ്ട്.
എംപി, എംഎല്‍എ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകള്‍ വഴിയാണ് ലൈറ്റുകൾ സ്ഥാപിക്കുന്നതെങ്കിലും പരിപാലന ചുമതല പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഇത് കേവലം വൈദ്യുതി ബില്‍ അടയ്ക്കുന്നത് മാത്രമായി പോകുന്നു. വാറന്റി കാലാവധിക്കുശേഷം ലൈറ്റുകള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ തീര്‍ന്നു. ഭാരിച്ച ചെലവ് എന്ന പേരില്‍ തദ്ദേശ സ്ഥാപനങ്ങള്‍ തിരിഞ്ഞുനോക്കില്ല. ഇതോടെ ഇവ നോക്കുകുത്തിയാകും.
പറ്റിയാല്‍ ഏതെങ്കിലും ഫണ്ട് സംഘടിപ്പിച്ചു പുതിയത് സ്ഥാപിക്കും. പഴയത് ഉപേക്ഷിക്കപ്പെടും. വലിയ തുക ചെലവഴിച്ച് സ്ഥാപിക്കപ്പെടുന്ന ഇത്തരം ലൈറ്റുകളുടെ അറ്റകുറ്റപ്പണി കൂടുതൽ കാലയളവിലേക്ക് ഇവ സ്ഥാപിക്കുന്ന ഏജന്‍സികളെ ഏല്‍പ്പിച്ചാല്‍ ഇത്തരം നോക്കുകുത്തികള്‍ ഒഴിവാകും. തദ്ദേശ സ്ഥാപനങ്ങള്‍ക്കും ആശ്വാസമാകും.
Tags : Nattuvishesham LocalNews