പത്തനംതിട്ട: പാചകവാതക സിലിണ്ടറുകളുടെ വിതരണം സുഗമമായി നടത്തണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണൻ. ജില്ലയിലെ എല്‍പിജി വിതരണ ഏജന്‍സികളുടെയും ഓയില്‍ കമ്പനി പ്രതിനിധികളുടെയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടർ.
ഗാര്‍ഹിക സിലിണ്ടർ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കുറ്റകരമാണ്. അത്തരത്തിലുളള സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാൻ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് പ്രത്യേക നിര്‍ദേശം നല്കി.
ഗ്യാസ് ഏജന്‍സികൾ സിലിണ്ടറുകൾ ഗോഡൗണില്‍ നിന്ന് നേരിട്ട് വിതരണം നടത്താന്‍ പാടില്ല. സിലിണ്ടര്‍ ബുക്കിംഗിന്റെ മുന്‍ഗണന അനുസരിച്ച് ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ട് പാചകവാതകം എത്തിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടും മറ്റ് കാരണങ്ങളാലും വലിയ ജനക്കൂട്ടം രൂപപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് നിയന്ത്രിക്കുന്നതിന് പോലീസിന് നിർദ്ദേശം നൽകിയെന്നും കളക്ടർ അറിയിച്ചു.
ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണം കുറ്റമറ്റ രീതിയില്‍ നടക്കാൻ കര്‍ശന പരിശോധന നടത്തും.ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്. ഗോപകുമാര്‍, ബിപിസിഎല്‍ പ്രതിനിധി അജയ്, എച്ച്പിസി സെയില്‍സ് ഓഫീസര്‍ അഭിജിത് കെ. നമ്പ്യാർ, ഗ്യാസ് ഏജന്‍സി പ്രതിനിധികൾ, താലൂക്ക് സപ്ലൈ ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.