തൊടുപുഴ: കുളത്തിൽ വീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചുങ്കം വാഴക്കാലയിൽ കോലാനി ജോസ് ലി തോമസിന്റെ മകൻ ജോയൽ ജോസ് ലി(17)യാണ് മരിച്ചത്. മണക്കാട് കുന്നത്തുപാറ മാന്ത്രക്കുളത്തിൽ ഇന്നലെ വൈകുനേരം അഞ്ചേകാലോടെയാണ് സംഭവം.
ജോയലും സുഹൃത്തുക്കളും ചേർന്ന് മാന്ത്രക്കുളം കാണാനെത്തിയതായിരുന്നു. ഇതിനിടെ ജോയൽ കാൽ കഴുകാൻ ശ്രമിക്കുന്നതിനിടെ കുളത്തിലേക്കു വീഴുകയായിരുന്നുവെന്ന് വാർഡ് കൗൺസിലർ ആർ. ഹരി പറഞ്ഞു.
ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തൊടുപുഴ അഗ്നിരക്ഷാസേനയിൽ വിവരമറിയിച്ചു. ഉടൻതന്നെ സ്കൂബാ സംഘമെത്തി കുട്ടിയെ കരയ്ക്കു കയറ്റി. പ്രഥമശുശ്രൂഷ നല്കിയശേഷം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി ഒൻപതേകാലോടെ ജോയൽ മരിച്ചു. മുതലക്കോടം സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. അമ്മ: അൽഫോൻസ തോമസ് കുവൈറ്റിൽ നഴ്സാണ് . സഹോദരങ്ങൾ: ജോസഫിൻ, ജെസീന്ത. സംസ്കാരം പിന്നീട്.
Tags : Manakadu Nattuvishesham District news