തിരുമേനി എസ്എൻഡിപി സ്കൂളിൽ സാന്താക്ലോസായി വേഷമിട്ട മുഖ്യാധ്യാപകനൊപ്പം ചുവടുവയ്ക്കുന്ന അധ്യാപകരും കുട്ടികളും
ചെറുപുഴ: തിരുമേനി എസ്എൻഡിപി എൽപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിൽ കുട്ടികളെ അത്ഭുതപ്പെടുത്തി മുഖ്യാധ്യാപകൻ സാന്താക്ലോസായി എത്തി. കുട്ടികൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട ഗോതമ്പ് പൊറോട്ടയും നെയ്പത്തലും ചിക്കൻ കറിയും കഴിച്ച് നക്ഷത്രവും പുൽക്കൂടും ആസ്വദിച്ച് ഇരിക്കുമ്പോഴാണ് മിഠായി വാരിയെറിഞ്ഞ് സാന്താക്ലോസ് രംഗത്തെത്തിയത്. കൂടെ കുഞ്ഞ് സാന്താക്ലോസുമാരും അരങ്ങിലെത്തി. വാദ്യമേളങ്ങൾക്കൊപ്പം ചുവടുവച്ച് സാന്താമാർ നൃത്തം ചെയ്തപ്പോൾ കുട്ടികളും കൂടെ ചുവടുവച്ചു.
ആഘോഷത്തിനിടെ കുട്ടികൾ പ്രിയപ്പെട്ട മുഖ്യാധ്യാപകനെ തെരഞ്ഞപ്പോൾ കണ്ടെത്തിയില്ല. അന്വേഷണം തുടർന്നപ്പോഴാണ് തങ്ങൾക്കു മുന്നിൽ മിഠായികളുമായി എത്തിയത് പ്രിയപ്പെട്ട മുഖ്യാധ്യാപകനായ പി.എം. സെബാസ്റ്റ്യൻ തന്നെയാണെന്ന് കുട്ടികൾക്ക് മനസിലായത്.
പിടിഎ പ്രസിഡന്റ് കെ.സി. പ്രസൂൺ, വൈസ് പ്രസിഡന്റ് അജിത്കുമാർ, മാനേജർ കെ.ഡി. ഉദയകുമാർ, മദർ പിടിഎ പ്രസിഡന്റ് ദീപ സിജോ, വൈസ് പ്രസിഡന്റ് സ്വപ്ന പ്രസൂൺ അധ്യാപകരായ എൻ.ജെ. വർഗീസ്, മഞ്ജു മധു, ടി. നിഷാകുമാരി, കെ.ആർ. മിനി, കെ.ആർ. രമ്യ എന്നിവർ നേതൃത്വം നൽകി.